SHARE

ദുരന്തപൂര്‍ണമായ സീസണ്‍ തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടപെടാനുറച്ച് മാനേജ്‌മെന്റ്. ഈ സീസണിന്റെ തുടക്കത്തില്‍ ഡേവിഡ് ജെയിംസിനെ ചുമതല ഏല്പിച്ചപ്പോള്‍ ടീമിന്റെ എല്ലാ അധികാരങ്ങളും അദേഹത്തിന് നല്കിയിരുന്നു. ടീം തെരഞ്ഞെടുപ്പിലും കളിക്കാരെ വിദേശത്തു പരിശീലനത്തിന് അയക്കുന്ന കാര്യത്തില്‍ പോലും ജെയിംസിന്റെ തീരുമാനങ്ങളായിരുന്നു നടപ്പിലാക്കിയത്. എന്നാല്‍ ഇനി മാനേജ്‌മെന്റിന്റെ നിയന്ത്രണം കൂടി ഇക്കാര്യത്തില്‍ ഉണ്ടാകും.

അടുത്ത സീസണില്‍ ടീമിനെ മുഴുവനായും പുതുക്കിപ്പണിയുമെന്ന് ഉടമ നിമ്മഗഡ്ഡ പ്രസാദ് വ്യക്തമാക്കി. യൂറോപ്യന്‍ ശൈലിയില്‍ ആരാധകര്‍ക്ക് കൂടി ഓഹരി നല്കുന്ന രീതിയിലേക്ക് ക്ലബ് മാറുമെന്ന നിര്‍ണായക സൂചനയും അദേഹം നല്കി. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ ഏജന്‍സിയെ ചുമതല ഏല്പിച്ചിട്ടുണ്ട്. യൂറോപ്പിലെ ക്ലബുകള്‍ പലതും ആരാധകര്‍ക്ക് കൂടി ഉടമസ്ഥാവകാശം ഉള്ളതാണ്. എന്നാല്‍ ഇന്ത്യയില്‍ നേരെ തിരിച്ച് ഫ്രാഞ്ചൈസി സിസ്റ്റത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങി പഴയ ക്ലബുകളില്‍ പുറത്തു നിന്നുള്ളവര്‍ക്കും ഉടമസ്ഥാവകാശം ഉണ്ട്.

ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നില്ല എന്ന പരാതി തീര്‍ക്കാന്‍ ശ്രമിക്കും. നല്ല വിദേശ മിഡ്ഫീല്‍ഡര്‍മാരെ കൊണ്ടുവരും. നല്ല മിഡ്ഫീല്‍ഡര്‍മാരെ കൊണ്ടുവരാത്തത് ആവശ്യത്തിനു പണം മുടക്കാത്തതിനാലാണ് എന്ന ആരോപണം ശരിയല്ല. പിശുക്കു കാണിച്ചിട്ടില്ല. ബെര്‍ബറ്റോവ് ഉദാഹരണം. കൂടുതല്‍ പണം കൊടുത്തതുകൊണ്ട് ഒരാള്‍ നല്ല മിഡ്ഫീല്‍ഡര്‍ ആകണമെന്നില്ലെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രസാദ് വ്യക്തമാക്കി.