SHARE

കേരളാ‌ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബും, അവരുടെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ യും തമ്മിലുണ്ടായ തർക്കങ്ങൾ കഴിഞ്ഞയിടയ്ക്ക് വലിയ വാർത്തയായിരുന്നു‌. കോമ്പ്ലിമെന്ററി ടിക്കറ്റിന് വേണ്ടി ജിസിഡിഎ യും, മറ്റ് ചില സർക്കാർ ഏജൻസികളും അനാവശ്യ സമ്മർദ്ദം നൽകുന്നുവെന്നും, ഇത് കൊണ്ട് തന്നെ ഈ സീസണിൽ കൊച്ചിയിൽ മത്സരങ്ങൾ നടത്തുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നും കേരളാ ബ്ലാസ്റ്റേഴ്സ് പറഞ്ഞത് വലിയ വിവാദമായിരുന്നു. തുടർന്ന് സൗജന്യ ടിക്കറ്റ് തങ്ങൾക്ക് വേണ്ടെന്ന് ജിസിഡിഎ നിലപാടെടുക്കുകയും, സർക്കാർ ഇടപെട്ടതോടെ വിവാദം തണുത്തതുമായിരുന്നു. എന്നാൽ ഇത് കൊണ്ട് ബ്ലാസ്റ്റേഴ്സ് നേരിടുന്ന‌‌ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ്‌ പുറത്ത് വരുന്നത്.

കൃത്യമായി വിനോദ നികുതി അടയ്ക്കണമെന്ന് കേരളാ ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ രംഗത്തെത്തിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഇക്കാര്യം പറഞ്ഞ് കൊണ്ട് നഗരസഭ കേരളാ ബ്ലാസ്റ്റേഴ്സിന്‌ നോട്ടീസ് അയച്ചതായാണ് സൂചന. ആറാം സീസൺ മത്സരങ്ങളുടെ ടിക്കറ്റ് വിനോദ നികുതി ഒടുക്കിയതായുള്ള സീൽ പതിക്കാതെയാണ് ബ്ലാസ്റ്റേഴ്സ് വിൽക്കുന്നതെന്ന് നഗരസഭ നൽകിയ നോട്ടീസിൽ പറയുന്നു. ഇത് വരെ ഇങ്ങനെ വിറ്റ ടിക്കറ്റുകളുടെ വിവരവും, വരും നാളുകളിൽ വിൽക്കാൻ ഉദ്ദേശിക്കുന്നവയുടെ വിവരം എന്നിവ നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ അറിയിക്കണമെന്നാണ് നഗരസഭ നിർദ്ദേശം.

നഗരസഭയുടെ സീൽ പതിക്കാത്ത ടിക്കറ്റുകൾ വിറ്റാൽ ടീമിനെതിരെ നടപടിയെടുക്കുമെന്നും, കൊച്ചിയിലെ ഐ എസ് എൽ മത്സരങ്ങൾ നിർത്തി വെക്കുമെന്നുമുള്ള മുന്നറിയിപ്പുകളും, നഗരസഭ പുറപ്പെടുവിച്ച നോട്ടീസിലുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്ന ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന സമ്മാനിക്കുന്നതാണ് നഗരസഭയുടെ ഈ പുതിയ നോട്ടീസ്.