SHARE

ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിക്കുന്നതിന് മുമ്പായി കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച താരമാണ് ​ഗൗരവ് കൻകോൻകാർ. ​ഗോവയിൽ നിന്നുള്ള ഈ യുവതാരത്തിന്റെ സൈനിങ് എന്നാൽ ബ്ലാസ്റ്റേഴ്സ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഡ്യൂറാൻഡ് കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ​ഗൗരവുണ്ട്. എന്നാൽ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ​ഗൗരവിന് ടൂർണമെന്റിൽ കളിക്കാനാകില്ല.

മിഡ്ഫീൽഡറായ ​ഗൗരവ് ​ഗോവയിലെ ക്ലബ് സ്പോർട്ടിങ് ​ഗോവയുമായുള്ള കരാർ റദ്ദാക്കിയാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഫ്രതിഫലക്കുടിശിയടക്കമുള്ള ആരോപണങ്ങളും ​ഗൗരവ് ക്ലബിനെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ ​ഗൗരവ് ഏകപക്ഷീയമാണ് ക്ലബുമായുള്ള കരാർ റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിനായി ​ഗൗരവിന് കളിക്കണമെങ്കിൽ സ്പോർട്ടിങ്ങിൽ നിന്ന് എൻഓസി ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

​ഗൗരവ് ബ്ലാസ്റ്റേഴ്സിനായി ഡ്യൂറാൻഡ് കപ്പിൽ കളിക്കില്ലന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ട്വീറ്റ് ചെയ്തത്. ​ഗൗരവിന്റെ വിഷയം മിക്കവാറും ഏഐഎഫ്എഫ് പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റിയുടെ മുന്നിലെത്തുമെന്നാണ് താൻ കരുതുന്നതുമെന്നും മാർക്കസ് വ്യക്തമാക്കി.