SHARE

ഐഎസ്എല്‍ ആറാം സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തില്‍ തന്നെ കൂടുതല്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും. നേരത്തെ ടീം പ്രീസീസണിനായി തുര്‍ക്കിയിലേക്ക് പോവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല. ഇന്ത്യയില്‍ തന്നെ കൂടുതല്‍ സന്നാഹ മത്സരങ്ങള്‍ കളിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.

ഐഎസ്എലില്‍ പുതുതായി എത്തിയ ഹൈദരാബാദ് എഫ്‌സി, ഐലീഗ് ടീമായ ചെന്നൈ സിറ്റി എഫ്‌സി, കേരളത്തിന്റെ സന്തോഷ് ട്രോഫി സാധ്യത ടീം എന്നിവരുമായും അടുത്ത ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചേക്കും. കഴിഞ്ഞ മാസം പ്രീസീസണിനായി ഗള്‍ഫിലേക്ക് പോയ ടീമിന് അവിടെ ഒരു മത്സരം മാത്രമാണ് കളിക്കാനായത്. സ്‌പോണ്‍സര്‍മാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പരിശീലനം റദ്ദാക്കി ടീം കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

കൊച്ചിയില്‍ സതേണ്‍ യുണൈറ്റഡ് എഫ്‌സിയുമായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ 3-1ന് ജയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഐ ലീഗ് ടീമായ റിയല്‍ കാശ്മീര്‍ എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റത് തിരിച്ചടിയായി. പ്രാദേശിക ക്ലബ്ബുകളുമായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് പ്രീസീസണ്‍ പൂര്‍ത്തിയാക്കാനാണ് ടീമിന്റെ നിലവിലെ ആലോചന. അതേസമയം പുതിയ സീസണിലേക്കുള്ള ടീമിന്റെ ജേഴ്‌സി പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കൊച്ചി ലുലു മാളില്‍ നടക്കും.

ചടങ്ങില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. മഞ്ഞ, നീല നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജേഴ്‌സിയാവും ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയും അവതരിപ്പിക്കുക. എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി തുടങ്ങിയ ക്ലബ്ബുകള്‍ കഴിഞ്ഞ ദിവസം പുതിയ ജേഴ്‌സി പുറത്തിറക്കിയിരുന്നു. ടിക്കറ്റ് നിരക്കുകള്‍ അടുത്തദിവസം പ്രഖ്യാപിക്കും.