SHARE

കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നിലൂടെയാണ് കടന്ന് പോകുന്നത്. തുടർച്ചയായ മോശം പ്രകടനങ്ങളിലൂടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ വളരെ നേർത്തിരിക്കുന്നു സീസണിലെ പാതിയോളം മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം. നിലവിലെ സാഹചര്യത്തിൽ കേരളത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിച്ചെന്ന് ആരാധകർ കരുതുന്നുണ്ടെങ്കിലും ഇനിയും ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാനുള്ള‌ സാധ്യതകൾ നിലനിൽക്കുന്നു എന്നതാണ് സത്യം. 2016 ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാംസീസണിലും സമാന സാഹചര്യങ്ങളെ അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയത്.

സ്റ്റീവ് കോപ്പൽ ടീമിനെ പരിശീലിപ്പിച്ച മൂന്നാം സീസൺ ഐ എസ് എല്ലിലും പാതിഘട്ടം പിന്നിടുമ്പോൾ ദയനീയമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ. അന്ന് ആദ്യ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ വെറും 8 പോയിന്റ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ ലീഗിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ അവിസ്മരണീയ കുതിപ്പ് വരവായിരുന്നു ആരാധകർ കണ്ടത്. കോപ്പലാശാൻ എന്ന തന്ത്രഞ്ജനായ പരിശീലകന് കീഴിൽ കേരളം പറന്നുയർന്നു. അവസാനം ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 14 മത്സരങ്ങളിൽ 22 പോയിന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ആദ്യ 7 മത്സരങ്ങളിൽ 8 പോയിന്റ് മാത്രം നേടിയ ടീം പിന്നീടുള്ള 7 മത്സരങ്ങളിൽ നേടിയത് 14 പോയിന്റ്.

സ്റ്റീവ് കോപ്പലിന്റെ മികവായിരുന്നു ആ സീസണിൽ ടീമിന് തുണയായത്. ഈ സീസണിലും സമാന അവസ്ഥയിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സഞ്ചാരം. ലീഗിലെ തങ്ങളുടെ പാതി മത്സരങ്ങൾ പിന്നിടുമ്പോൾ ടീം മികച്ച പ്രകടനം നടത്താനാവാതെ പതറുന്നു. എന്നാൽ 2016 ലെ ടീമിന്റെ അവസ്ഥയും കേരളത്തിന്റെ തകർപ്പൻ തിരിച്ചുവരവും ഓർമ്മയിലുള്ള ആരാധകർക്ക് ഈ ടീമിൽ ഇപ്പോളും വിശ്വാസമുണ്ട്. ടീം തകർപ്പൻ തിരിച്ചുവരവ് നടത്തി പ്ലേ ഓഫിലെത്തുമെന്ന ആത്മവിശ്വാസവും. ഈ ഒരു വിശ്വാസം തന്നെയായിരിക്കും ഇനിയുള്ള മത്സരങ്ങൾ കാണാൻ ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനേയും പ്രേരിപ്പിക്കുന്നതും. കോപ്പലിന് കീഴിൽ കാട്ടിയ അത്ഭുതം, ഡേവിഡ് ജെയിംസിന് കീഴെ ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്‌ സാധിച്ചാൽ, അതിന്‌സാധിച്ചാൽ മാത്രം ഇക്കുറിയും ഈ ടീമിനെ പ്ലേ ഓഫിൽ കാണാം.