SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ പതിനഞ്ചാം പോരാട്ടത്തിൽ എ ടി കെ യെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് സ്റ്റാർ സ്ട്രൈക്കർ ഇയാൻ ഹ്യൂം പുറത്തായപ്പോൾ പരിക്കിൽ നിന്ന് മോചിതനായ ദിമിറ്റർ ബെർബറ്റോവ് ടീമിൽ തിരിച്ചെത്തി. സന്ദേശ് ജിങ്കന്റെ അഭാവത്തിൽ പ്രതിരോധ താരം വെസ് ബ്രൗൺ ആണ് ടീമിനെ നയിക്കുന്നത്.

ലാക്കിച്ച് പെസിച്ച്, വെസ് ബ്രൗൺ, പെക്കൂസൺ, ബെർബറ്റോവ്, ബാഡ്വിൻസൺ എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ. മലയാളി താരം കെ പ്രശാന്തും ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. സുഭാശിഷ് റോയ് ചൗധരിയാണ് വല കാക്കുക.

നിലവിൽ 14 മത്സരങ്ങളിൽ 20 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ 12 പോയിന്റുള്ള എ ടി കെ എട്ടാം സ്ഥാനത്തും. എ ടി കെ യുടെ സെമി പ്രതീക്ഷകൾ ഏറെക്കുറേ അവസാനിച്ചെങ്കിലും കേരളത്തിന്റെ സെമി പ്രതീക്ഷകൾ ഇപ്പോളും സജീവമാണ്. അത് കൊണ്ടു തന്നെ വാശിയേറിയ പോരാട്ടത്തിനാവും കൊൽക്കത്ത സാക്ഷ്യം വഹിക്കുക എന്നത് ഉറപ്പ്.