SHARE

അഞ്ചാം എഡിഷൻ ഐ എസ് എല്ലിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ രണ്ട് മലയാളി താരങ്ങൾ കളിക്കാൻ സാധ്യത. ഐ എസ് എൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം അനിവാര്യമായ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച ആദ്യ ഇലവനെത്തന്നെ നാളെ കളിക്കാനിറക്കുമെന്നാണ് ആരാധക പ്രതീക്ഷ. നിലവിലെ സാധ്യതകൾ വെച്ച് മലയാളി സൂപ്പർ താരങ്ങളായ സഹൽ അബ്ദുൾസമദും, സി കെ വിനീതും ആദ്യ ഇലവനിലെത്തും.

ഗോവയ്ക്കെതിരെ 1-3 ന്റെ പരാജയമേറ്റുവാങ്ങിയ മത്സരത്തിലും കെ.‌പ്രശാന്ത്, അനസ് എടത്തൊടിക എന്നീ രണ്ട് മലയാളി താരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ഇവർക്ക് രണ്ട് പേർക്കും നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ ഇലവനിൽ അവസരം കിട്ടിയേക്കില്ല‌. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധം കാത്ത അനസിന് പകരംസെർബിയൻ പ്രതിരോധ താരം നെമാഞ്ച ലാകിച്ച് പെസിച്ചാകും ടീമിലെത്തിയേക്കുക.

-Advertisement-

നായകൻ ജിങ്കൻ, ലാൽ റുവാത്താര, ലാകിച് പെസിച്ച്, സിറിൾ കാലി എന്നിവരാകും ടീമിന്റെ പ്രതിരോധക്കുപ്പായമണിയുക. ക്രച്ച് മറേവിച്ച്, സഹൽ, ഡുംഗൽ, വിനീത് എന്നിവർ മധ്യനിരയിൽ കളി മെനയും, വിദേശ താരങ്ങളായ മറ്റേജ് പോപ്ലാറ്റ്നിക്ക്, സ്ലാവിസ സ്റ്റൊയനോവിച്ച് എന്നിവർക്ക് ആക്രമണത്തിന്റെ ചുമതല നൽകും. ഗോൾ വല കാക്കാൻ ആരാകും എത്തുക എന്നതിലും അനിശ്ചിതത്വം നിൽക്കുന്നു. കൂടുതൽ പരിചയ സമ്പത്തുള്ളതിനാൽ നവീൻ കുമാറിന് വീണ്ടും അവസരം നൽകാൻ ജെയിംസ് തയ്യാറായേക്കുമെന്നാണ് സൂചന.