SHARE

ആറാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തങ്ങളുടെ നാലാം മത്സരത്തിൽ ഒഡീഷ എഫ് സിയെ നേരിടാൻ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിൽ എടികെയെ 2-1 ന് പരാജയപ്പെടുത്തിയതിന് ശേഷം നിരാശാജനകമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ച വെക്കുന്നത്. രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയോടും, മൂന്നാം മത്സരത്തിൽ ഹൈദരാബാദ് എഫ് സി യോടും ബ്ലാസ്റ്റേഴ്സ് തോൽക്കുകയായിരുന്നു. ഇതിൽ മുംബൈക്കെതിരെ സ്വന്തം ഗ്രൗണ്ടിലും, ഹൈദരാബാദിനെതിരെ, എതിർ തട്ടകത്തിലുമായിരുന്നു പരാജയങ്ങൾ.

ഇന്ന് കൊച്ചിയിൽ ഒഡീഷയ്ക്കെതിരെ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോൾ ജയത്തിൽക്കുറഞ്ഞ മറ്റൊന്നിനെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് ചിന്തിക്കുന്നില്ല. പോയ മത്സരത്തിൽ പരിക്കേറ്റ ജിയാനി സ്യൂവർലോൺ ഇന്ന് കളിക്കില്ലെന്നാണ് സൂചന.‌പ്രതിരോധത്തിലെ പ്രധാനിയായ സ്വ്യൂവർലോൺ കളിച്ചില്ലെങ്കിൽ ടീമിന് കനത്ത തിരിച്ചടിയാണത്.

നാല് മലയാളി താരങ്ങൾ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്നാണ് സൂചന. ഗോൾ വലയ്ക്ക് താഴെ ടിപി രഹനേഷ് എത്തും ഇതിന് പുറമേ മലയാളി താരങ്ങളായ രാഹുൽ, പ്രശാന്ത്, സഹൽ എന്നിവരും ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് സൂചന. ജെസൽ കർനെയ് റോ, ജൈറോ റൊഡ്രീഗസ്, മൊഹമ്മദ് റാക്കിപ്പ്, രാജു ഗെയിക്ക്‌വാദ് എന്നിവർ പ്രതിരോധക്കോട്ട കെട്ടും. സിഡോഞ്ചയും, മുസ്തഫ ഗ്നിംഗും മധ്യനിരയിലെത്തും. നായകൻ ബാർത്തലോമ്യൂ ഒഗ്ബെച്ചി തന്നെയാകും ഇന്നും മുന്നേറ്റത്തിൽ.

സാധ്യത ടീം ഇങ്ങനെ – രഹനേഷ് (ഗോൾകീപ്പർ), ജെസൽ കർനെയ് റോ, രാജു ഗെയിക്ക്‌വാദ്, ജൈറോ, റാക്കിപ്പ്, സിഡോഞ്ച, ഗ്നിംഗ്, പ്രശാന്ത്, സഹൽ, രാഹുൽ, ഒഗ്ബെച്ചി.