SHARE

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി നിലനിൽപ്പിന്റെ പോരാട്ടമാണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെല്ലാം അനുകൂല ഫലങ്ങൾ അനിവാര്യം. നാളെ ചെന്നൈയൻസിനെ നേരിടുമ്പോൾ അത് കൊണ്ടു തന്നെ രണ്ടും കൽപ്പിച്ചാകും കേരളം കളിക്കുക. നോർത്ത് ഈസ്റ്റിനെതിരെ കളിച്ച ടീമിൽ നിർണായക മാറ്റങ്ങൾ വരുത്താൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് തയ്യാറായേക്കും.

പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം സ്ലാവിസ സ്റ്റൊയനോവിച്ച് നാളെ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെയെങ്കിൽ സ്റ്റൊയനോവിച്ചും, പോപ്ലാറ്റ്നിക്കും ചേർന്നുള്ള വിദേശ സഖ്യമാകും ചെന്നൈയൻസിനെതിരെ കേരളാ ആക്രമണം നയിക്കുക. മലയാളി സൂപ്പർ താരം സി.കെ വിനീത് ആദ്യ ഇലവനിൽ കളിച്ചേക്കാനും സാധ്യതയുണ്ട്. വിനീതിനൊപ്പം മലയാളി താരമായ സഹലും ഒപ്പം ലിൻ ഡൂംഗലും ക്രച്ച്മറേവിച്ചുമാകും മധ്യനിരയിൽ കളി മെനയുക.

പ്രതിരോധത്തിലും രണ്ട് വിദേശ താരങ്ങൾ വന്നേക്കും. നെമാഞ്ച ലാകിച്ച് പെസിച്ചും, സിറിൾ കാലിയുമാകും അത്. ഒപ്പം പ്രതിരോധക്കോട്ട കെട്ടാൻ ഇന്ത്യൻ ശക്തികളായ സന്ദേശ് ജിങ്കനും, മൊഹമ്മദ് റാക്കിപ്പുമെത്തും. ഗോൾകീപ്പറായി കൗമാര താരം ധീരജ് സിംഗ് തന്നെ തുടരും. അഞ്ചാം എഡിഷൻ ഐ എസ് എല്ലിൽ ഇത് വരെ എട്ട് മത്സരങ്ങളിൽ ഏഴ് പോയിന്റ് മാത്രം നേടിയ കേരളം നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാമതാണ്. 8 മത്സരങ്ങളിൽ 4 പോയിന്റുള്ള ചെന്നൈയൻസ് ഒൻപതാമതും.