SHARE

2019-20 സീസണ് മുന്നോടിയായി നടന്ന ആദ്യ പ്രീസീസൺ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. യു.എ.ഇ ടീമായ ഡിബ്ബ അൽഫുജൈറായിരുന്നു ആദ്യ പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ടീമിലെ ഒട്ടുമുക്കാൽ താരങ്ങളേയും പരിശീലകൻ എൽക്കോ ഷട്ടോറി ഇന്നത്തെ മത്സരത്തിൽ കളിക്കാനിറക്കി. ബ്ലാസ്റ്റേഴ്സ് ഏഴ് ഷോട്ടുകൾ ഉതിർത്ത മത്സരത്തിൽ, എതിരാളികൾ നാല് ഷോട്ടുകളാണ് തൊടുത്തത്. ഇത്തവണ ടീമിലെത്തിയ ബാർത്തലോമ്യു ഒഗ്ബെച്ചിക്കായിരുന്നു ക്യാപ്റ്റന്റെ ആംബാൻഡ് ലഭിച്ചത്.

ആദ്യ പകുതി

ടീം ഒരുമിച്ചിറങ്ങിയ സീസണിലെ ആദ്യ മത്സരമായത് കൊണ്ട് തന്നെ ഒത്തിണക്കത്തിന്റെ പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്നു. ഡിബ്ബയായിരുന്നു കൂടുതൽ ആക്രമിച്ച് കളിച്ചത്. എന്നാൽ മികച്ച പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ രഹനേഷ് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. മധ്യനിരയിൽ സെർജിയോ സിഡോഞ്ചയുടെ മികച്ച പ്രകടനവും വിംഗിലെ നർസാരിയുടെ നിരാശാജനകമായ പ്രകടനവുമാണ് ആദ്യ പകുതിയിൽ എടുത്ത് പറയാനുള്ളത്. ക്യാപ്റ്റൻ കൂടിയായ മുന്നേറ്റ നിര താരം ബാർത്തലോമ്യൂ ഒഗ്ബെച്ചിക്ക് പന്തുകളെത്തിച്ച് നൽകാനും ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കാര്യമായി കഴിഞ്ഞില്ല.

രണ്ടാംപകുതി

ഈ സീസണിൽ ഡെൽഹി ഡൈനാമോസിൽ നിന്ന് കേരളാ‌ബ്ലാസ്റ്റേഴ്സിലെത്തിയ ജിയാനി സ്യൂവർലോണിന്റെ മികച്ച പ്രകടനമായിരുന്നു രണ്ടാംപകുതിയിൽ ശ്രദ്ധേയം. ‌പ്രതിരോധത്തിൽ കോട്ടകെട്ടിയ സ്യൂവർലോൺ സഹതാരങ്ങളെ ആത്മവിശ്വാസത്തോടെ കളിക്കാനും സഹായിച്ചു. ഗോകുലത്തിൽ നിന്ന് ഇത്തവണ‌ ടീമിലെത്തിയ അർജുൻ ജയരാജ്‌ നിരാശപ്പെടുത്തിയപ്പോൾ, രാഹുൽ കെപി തരക്കേടില്ലാത്ത ‌പ്രകടനം പുറത്തെടുത്തു. മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള മികച്ച അവസരം വന്നെത്തി. ഇടത് വിംഗിൽ നിന്ന് ലഭിച്ച എണ്ണംപറഞ്ഞ ക്രോസ് പക്ഷേ ഗോൾ വലയിലേക്ക് തിരിച്ച് വിടുന്നതിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിയാതെ പോവുകയായിരുന്നു. രണ്ടാംപകുതിയിൽ കളിക്കാനിറങ്ങിയ മലയാളി സൂപ്പർ താരംമൊഹമ്മദ് റാഫി ഗ്യാലറിയുടെ നിറഞ്ഞ കൈയ്യടികൾ വാങ്ങി.