SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ താരം നവോറെം മഹേഷ് സിങ് ഇനി കളിക്കുക ഐ-ലീ​ഗിൽ. 21 വയസുകാരനായ ഈ മുന്നേറ്റതാരത്തെ ഐ-ലീ​ഗ് ക്ലബ് സുദേവ എഫ്.സിയിലേക്ക് ബ്ലാസ്റ്റേഴ്സ് ലോണിൽ വിട്ടു. ക്ലബ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

മണിപ്പൂരുകാരനായ മഹേഷ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനായി ലോണിൽ കളിച്ചിരുന്നു. തുടർന്നാണ് ഇക്കുറി താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീ സീസണിൽ മഹേഷ് പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണിപ്പോൾ മഹേഷിനെ ഫസ്റ്റ് ടീമിൽ മത്സരപരിചയത്തിനായി സുദേവയിലേക്ക് വിടുന്നത്. ​ഐ-ലീ​ഗിലിക്കുറി കോർപ്പറേറ്റ് എൻട്രിയായെത്തിയ സുദേവ, ഇന്ത്യൻ താരങ്ങൾ മാത്രമുള്ള സ്ക്വാഡിനെയാണ് അണിനിരത്തുന്നത്.

മണിപ്പൂരിൽ ജനിച്ച മ​ഹേഷ്, മേഘാലയ ക്ലബായ ഷിലോങ് ലജോങ്ങിലൂടെയാണ് ശ്രദ്ധേയനായത്. 2018-19 ഐ-ലീ​ഗ് സീസണിൽ ലജോങ്ങിനായി എട്ട് മത്സരങ്ങളിൽ നിന്ന് നാല് ​ഗോളുകൾ മഹേഷ് നേടിയിരുന്നു.