SHARE

സ്‌കോട്ട്‌ലന്‍ഡിനായി അണ്ടര്‍ 19 ലോകകപ്പില്‍ ഉള്‍പ്പെടെ കളിച്ച ടോം ആല്‍ട്രെഡ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ എഫ്‌സിയും താരത്തിന്റെ ഏജന്റുമായി സംസാരിച്ചതായും ദ സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വാര്‍ത്തയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുന്‍ സീസണില്‍ ബറി ക്ലബിനായി കളിച്ച ടോം ഇക്കഴിഞ്ഞ വര്‍ഷം സ്‌കോട്ടിഷ് ലീഗിലെ പ്രശസ്ത ക്ലബായ മതെര്‍വെല്‍ എഫ്‌സിക്കായി ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ധീരജ് സിംഗ് സെലക്ഷന്‍ ട്രയല്‍സിന് പോയ ക്ലബാണ് മതെര്‍വെല്‍. ഇവര്‍ക്കായി 17 കളികളില്‍ കളത്തിലിറങ്ങിയ ടോം ഒരു ഗോളും നേടിയിട്ടുണ്ട്.

പ്രെഫഷണല്‍ ഫുട്‌ബോളില്‍ 2008ല്‍ അരങ്ങേറിയ ടോം ഇംഗ്ലണ്ടിലെ മുൻനിര ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. വാട്‌ഫോര്‍ഡ്, ബ്ലാക്പൂള്‍ ക്ലബുകള്‍ക്കായി കളിച്ച അദേഹം ഇതുവരെ 13 ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. ഭൂരിഭാ​ഗം ക്ലബിലും രണ്ടു സീസണില്‍ കൂടുതല്‍ തങ്ങിയിട്ടില്ലെന്നതും കൗതുകകരമായ വസ്തുതയാണ്.