SHARE

കേരളം ദുരിതത്തിലായ മഹാപ്രളയത്തിൽ നട്ടംതിരിഞ്ഞ് കായിക ലോകവും. മഴ വില്ലനായതോടെ ഈ മാസം നടക്കാനിരുന്ന പരിശീലന ക്യാമ്പ് മാറ്റിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണ് മുന്നോടിയായി നടത്താനിരുന്ന പരിശീലന കളരിയാണ് ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്‌ പുറത്തേക്കാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 20 മുതൽ കൊച്ചിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ മഴ കനത്തതോടെ ഈ തീരുമാനം മാറ്റിയിരിക്കുകയാണ് അധികൃതർ. അഹമ്മദാബാദിലാകും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ഇനി നടക്കുക. സുരക്ഷയും സാങ്കേതിക കാരണങ്ങളും മുൻനിർത്തിയാണ് ക്യാമ്പ് മാറ്റിയതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് അറിയിച്ചു.

മഹാപ്രളയത്തിൽ വലഞ്ഞ കേരളത്തെ സഹായിക്കാൻ ബ്ലാസ്റ്റേഴ്സും ആരാധകരും മുന്നിൽ തന്നെയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സേവനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവമായിരുന്നു. അവശ്യസാധനങ്ങൾ ശേഖരിച്ച് ക്യാമ്പുകളിൽ എത്തിച്ചതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിക്കാനും മഞ്ഞപ്പട നിറഞ്ഞുതന്നെ നിന്നു.