SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ റിത്വിക് കുമാർ ദാസ് കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. 23-കാരനായ ഈ മധ്യനിര റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ബംഗാളിൽ നിന്നുള്ള റിത്വിക്, മോഹൻ ബ​ഗാൻ അക്കാദമി താരമായിരുന്നു. കൊൽക്കത്ത ഫുട്ബോൾ ലീ​ഗിലെ കൊൽക്കത്ത കസ്റ്റംസിനൊപ്പമാണ് റിത്വിക് കരിയർ ആരംഭിക്കുന്നത്. പിന്നീട് കാളിഘട്ട് എഫ്‌സിക്കായി കളിച്ചു. 2017-ലാണ് റയൽ കശ്മീരിലെത്തുന്നത്. ആദ്യ സീസണിൽ ഐ-ലീ​ഗ് രണ്ടാം ഡിവിഷനിലും പിന്നീട് ഐ-ലീ​ഗിലുമായി ടീമിനായി ശ്രദ്ധേയപ്രകടനം നടത്തി. ഇക്കഴിഞ്ഞ സീസണിൽ റിയൽ കാശ്മീരിനായി 11 മത്സരങ്ങൾ റിത്വിക് കളിച്ചിട്ടുണ്ട്. ഇതിൽ ആറിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

-Advertisement-

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലൂടെ ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്റെ പ്രൊഫഷണൽ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്. കെ‌ബി‌എഫ്‌സിക്ക് വളരെ വലിയ ആരാധകവൃന്ദമുണ്ട്, അവർക്ക് മുന്നിൽ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവർത്തിക്കുവാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, റിത്വിക് പറഞ്ഞു.

ടീമിൽ അംഗമാകുന്നതിനും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നതിനും റിത്വിക്കിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അവസരമാണിത്. അതിനായി തന്റെ മികച്ച ശ്രമങ്ങളിൽ ഏർപ്പെടുമെന്നും ടീമിനോടുള്ള പരമാവധി അഭിനിവേശം പ്രകടിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറയുന്നു.