കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീല്‍ഡര്‍ ജീക്സണ് സിങ് തൗനോജം ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി പുതുക്കി. ക്ലബ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു. കരാര്‍ പ്രകാരം 19-കാരനായ മണിപ്പൂരി താരം 2023 വരെ ക്ലബ്ബില്‍ തുടരും.
ഡിഫൻസീവ് മിഡ്ഫീൽഡറായ ജീക്സൻ 2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെയാണ് ശ്രദ്ധ നേടിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ഏകഗോൾ നേടിയത് ജീക്സനായിരുന്നു. ഒരു ഫിഫ ടൂർണമെന്റിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടത്തിനും ഇതോടെ ജീക്ക്സൻ അർഹനായിരുന്നു.
ലോകകപ്പിലെയും, ഇന്ത്യന്‍ ആരോസിനൊപ്പം ഐലീഗിലെയും മികച്ച പ്രകടനങ്ങളാണ്, ജീക്സണ് സിങിനെ 2018ല്‍ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനൊപ്പമെത്തിച്ചത്. 2019-20 ഐഎസ്എല്‍ സീസണില്‍ താരത്തിന് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു, ആ സീസണില്‍ മിഡ്ഫീല്‍ഡില്‍ ഒരു അവിഭാജ്യ ഘടകമായി മാറിയ താരം സീസണില്‍ 15 തവണ കളിക്കാനിറങ്ങി.
ജീക്സണ് ഞങ്ങളുമായുള്ള കരാര്‍ നീട്ടിയതില്‍ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. ജീക്കസൻ ഒരു യഥാര്‍ഥ പ്രൊഫഷണലാണ്, ടീമിലെ ഒരു പ്രധാന താരമായ ജീക്ക്സൻ, ഞങ്ങളോടൊപ്പം വളര്‍ന്നു വരുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സ്കിന്‍കിസ് പറഞ്ഞു.
എനിക്കും ക്ലബിനുമായി മാനേജ്മെന്റിന് ഒരു മികച്ച കാഴ്ചപ്പാടുണ്ട്, ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലുമാണ്, രാജ്യത്തെ ഏറ്റവം ആവേശം നിറഞ്ഞ ആരാധകരാണ് ക്ലബ്ബിനുള്ളത്, ഉടനെ കലൂരിലെ മഞ്ഞക്കടലിന്റെ മുന്നില്‍ കളിക്കാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല,ജീക്സണ് സിങ് പറഞ്ഞു.