SHARE

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച അനസ് എടത്തൊടികയ്ക്കായി എടികെ കൊല്‍ക്കത്ത ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കേ താരത്തെ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും തയാറെടുക്കുന്നു. അനസിനെ ഒഴിവാക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്ന മാനേജ്‌മെന്റ് പുതിയ കോച്ചിന്റെ വരവോടെ തീരുമാനം മാറ്റുകയായിരുന്നു. അനസ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതും അതിനൊരു കാരണമായി.

നിലവില്‍ വലിയ കരാറാണ് എടികെ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സില്‍ അസംതൃപ്തനായിരുന്ന അനസ് ഈ ഓഫര്‍ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം പുതിയ കോച്ച് അനസുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. മനസുമാറ്റാന്‍ അനസ് തീരുമാനിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും പരസ്യമാക്കിയിട്ടില്ല. കഴിഞ്ഞദിവസമാണ് അനസ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്.

കഴിഞ്ഞ സീസണില്‍ പലപ്പോഴും പരിക്കുമൂലം സൈഡ്‌ബെഞ്ചിലായിരുന്നു മലയാളിതാരത്തിന് സ്ഥാനം. പരിക്കുമാറി വന്നപ്പോള്‍ മാറിമാറി വന്ന കോച്ചുമാര്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്കിയതുമില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തില്‍ തന്നെ നില്ക്കാന്‍ തീരുമാനിച്ച അനസ് ബ്ലാസ്റ്റേഴ്‌സ് വിടാന്‍ തീരുമാനിച്ചതില്‍ ഇതിനും ഒരുപങ്കുണ്ട്.