SHARE

ഐ.എസ്.എല്‍ ആറാം സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസുമായി സന്നാഹ മത്സരം കളിക്കും. വൈകിട്ട് പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലായിരിക്കും മത്സരം.

നേരത്തെ സൂപ്പര്‍ കപ്പില്‍ ഇരുടീമുകളും മത്സരിച്ചപ്പോള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴിലുള്ള ആരോസിനായിരുന്നു വിജയം. ഈ മത്സരത്തില്‍ ആരോസിനൊപ്പമുണ്ടായിരുന്ന കെ.പി രാഹുല്‍ നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ടീമംഗമാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ അഞ്ചാം സന്നാഹ മത്സരമാണിത്. ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമിനെതിരെയായിരുന്നു അവസാന മത്സരം. കേരളത്തിന്റെ സന്തോഷ് ട്രോഫി സാധ്യത ടീമിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 3-2ന് ജയിച്ചിരുന്നു. സതേണ്‍ യുണൈറ്റഡ് എഫ്.സിക്കെതിരെ ആദ്യ മത്സരത്തിലും വിജയം കണ്ടു.

റിയല്‍ കാശ്മീര്‍ എഫ്.സിയോടാണ് പ്രീസീസണിലെ ഒരേയൊരു തോല്‍വി. ഈ മാസം 20നാണ് ഐ.എസ്.എല്‍ ആറാം സീസണ്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടും.