SHARE

കേരളാ ബ്ലാസ്റ്റേഴ്സിന് ഇക്കുറിയേറ്റ കനത്ത തിരിച്ചടിയാണ് ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയുടെ പരുക്ക്. കാണ്ണങ്കാലിന് പരുക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായതോടെ സീസണിലിനി സിഡോ കളിക്കില്ലെന്ന് ഉറപ്പായി. ഇതോടെ സിഡോയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി പകരക്കാരനെ കൊണ്ടുവരാനാണ് ക്ലബ് നീക്കം.

പുതിയ സൂചനകൾ പ്രകാരം സിഡോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ക്ലബ് ഊർജിതമാക്കിയിട്ടുണ്ട്. സിഡോയ്ക്ക് പകരം വയ്ക്കാനായി രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിക്കഴിഞ്ഞു എന്നാണ് പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്. ഇരുതാരങ്ങളും യൂറോപ്പിൽ നിന്നുള്ളവരാണെന്നും മാർക്കസ് ട്വീറ്റ് ചെയ്തു. ഇനി ഇതിൽ ആര് എന്ന അന്തിമ തീരുമാനം മാത്രമെ ബാക്കിയുള്ളു എന്നാണ് സൂചന.

ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിനിടെയാണ് സിഡോയ്ക്ക് പരുക്കേറ്റത്. പിന്നീട് സിഡോ സ്പെയിനിലേക്ക് മടങ്ങുകയും ചെയ്തു. സീസണിൽ ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം നടത്തിവരവെയാണ് സിഡോ പരുക്കേറ്റ് പുറത്താകുന്നത്.