SHARE

കേരളാ‌ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ മറ്റൊരു സീസണായിരുന്നു ഇത്തവണത്തേത്. 18 മത്സരങ്ങളിൽ 19 പോയിന്റ് മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് ഇക്കുറി ഏഴാമതായാണ് ഐ എസ് എല്ലിൽ ഫിനിഷ് ചെയ്തത്. മോശം സീസണ് പിന്നാലെ ടീമിൽ അഴിച്ചുപണി തുടങ്ങിയ ബ്ലാസ്റ്റേഴ്സ്, ടീമിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായി കരോളിസ് സ്കിൻകിസിനെ കൊണ്ട് വന്നിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച എൽക്കോ ഷട്ടോറിയുടെ സ്ഥാനവും തെറിക്കുമെന്നും, പകരം ഇത്തവണത്തെ ഐലീഗിൽ മോഹൻ ബഗാനെ കിരീട നേട്ടത്തിലേക്ക് നയിച്ച കിബു വിക്കുന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

വരും സീസണിൽ ടീമിനേയും അഴിച്ചുപണിയാനാണ് കേരളാ‌ബ്ലാസ്റ്റേഴ്സ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് വേണ്ടി പുതുതായി ചില താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ട്‌. ഇതിൽ ബെംഗളൂരു എഫ് സി‌യുടെ സൂപ്പർ താരമായിരുന്ന നിഷു കുമാർ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വൻ തുക മുടക്കിയാണ് കേരള ക്ലബ്ബ് നിഷുവിനെ ടീമിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ഐലീഗ് ടീമായ ട്രൗ എഫ് സി യുടെ പ്രതിരോധതാരം ധനചന്ദ്ര മെയ്ത്തെയിയേയും ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട്. ഈ സീസണിൽ ട്രൗ എഫ് സിയിലെത്തുന്നതിന് മുന്നേ പൂനെ എഫ്സി, ചർച്ചിൽ ബ്രദേഴ്സ്, നെറോക്ക എഫ് സി തുടങ്ങിയ ടീമുകളിൽ ഈ പ്രതിരോധ താരം കളിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചുകാരനായ ധനചന്ദ്ര 12 മത്സരങ്ങളിലാണ് ഇത്തവണ ട്രൗ എഫ് സിയുടെ ഇടത് ബാക്ക് താരമായി കളത്തിലിറങ്ങിയത്.

ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ നോട്ടമിട്ടിരിക്കുന്ന മറ്റൊരു താരം മുൻ ഐസ്വാൾ എഫ് സി വിംഗർ ലാൽതാതംഗ ഖ്വൗൾഹ്രിംഗാണ്‌. ഐലീഗ് ടീമായ ഡി എസ് കെ ശിവാജിയൻസിലും, ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി കളിച്ചിട്ടുള്ള ലാൽതതംഗ ഇരുപത്തിയൊന്നുവയസുകാരനാണ്.