SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചിരവൈരികളായ ബെംഗളൂരു എഫ് സി യെ നേരിടുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്ന് കൊച്ചിയിലെ തങ്ങളുടെ സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുമ്പോൾ കഴിഞ്ഞ സീസണിലെ തോൽവികൾക്ക് പകരം വീട്ടുകയെന്ന ലക്ഷ്യവും കേരളത്തിന് മുന്നിലുണ്ട്. കഴിഞ്ഞ സീസണിൽ രണ്ട് തവണ ഇരു ടീമുകൾ നേർക്ക് നേർ വന്നപ്പോളും ബ്ലാസ്റ്റേഴ്സിന് പരാജയമായിരുന്നു ഫലം.

കൊച്ചിയിലായിരുന്നു കഴിഞ്ഞ സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയത്. പുതുവർഷത്തലേന്ന് നടന്ന ഈ മത്സരത്തിൽ ബെംഗളൂരു എഫ് സി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തെ തകർത്തത്. നായകൻ സുനിൽ ഛേത്രി മത്സരത്തിന്റെ അറുപതാം മിനുറ്റിൽ നേടിയ ഗോളിൽ ആദ്യം മുന്നിലെത്തിയ ബെംഗളൂരു ഇഞ്ചുറി സമയത്താണ് രണ്ട് ഗോൾ കൂടി ബ്ലാസ്റ്റേഴ്സ് വലയിൽ നിക്ഷേപിച്ചത്. സൂപ്പർ താരം മിക്കുവായിരുന്നു ഈ രണ്ട് ഗോളും നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ പിറന്നതും ഇഞ്ചുറി സമയത്ത് തന്നെ. നേടിയത് കറേജ് പെക്കൂസൺ.

സീസണിലെ കേരളത്തിന്റെ അവസാന ലീഗ് മത്സരവും ബെംഗളൂരുവിനെതിരെയായിരുന്നു. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ആതിഥേയർ, ബ്ലാസ്റ്റേഴ്സിനെ മറികടന്നത് എതിരില്ലാത്ത 2 ഗോളിന്. അന്നും ഇഞ്ചുറി സമയ ഗോളുകളായിരുന്നു കേരളത്തിന് തിരിച്ചടിയായത്. ബെംഗളൂരു എഫ് സി നേടിയ രണ്ട് ഗോളുകളും പിറന്നത് ഇഞ്ചുറി‌ സമയത്തായിരുന്നു. ഇത്തവണ മിക്കുവും, ഉദാന്ത സിംഗുമായിരുന്നു ഗോൾസ്കോറർമാർ.

ഒരിക്കൽക്കൂടി ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ് സി പോരാട്ടം വരുമ്പോൾ, കേരളാ ആരാധകർ സ്വപ്നം കാണുന്നത് കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനോടേറ്റ ദയനീ തോൽവികൾക്ക്‌, ബ്ലാസ്റ്റേഴ്സ് പകരം വീട്ടുന്നതാണ്. കൊച്ചിയിൽ ഇന്ന് ആരാധകർ ഒഴുകിയെത്തുന്നതും അത് കാണാനായിരിക്കും.