SHARE

സീസണില്‍ ആദ്യമായി ചാമ്പ്യന്മാരെ പോലെ പോരാടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാളിക്കൂട്ടം ബെംഗളൂരു എഫ്‌സിക്കെതിരായ എവേ മത്സരത്തിന്റെ ആദ്യ പകുതിയില്‍ 2-0ത്തിന് മുന്നില്‍. പതിനാറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നത്. സ്ലാവിസ്‌കയാണ് സ്‌കോറര്‍. നാല്പതാം മിനിറ്റില്‍ കറേജ് പെക്കൂസണ്‍ നേടിയ ലോംഗ് റേഞ്ചര്‍ ഗോളിനെ ഈ സീസണിലെ മികച്ച ഗോളുകളിലൊന്നായി വാഴ്ത്താം. ബോക്‌സിന് വെളിയില്‍ നിന്നാണ് പെക്കൂസണ്‍ ഷോട്ട് തൊടുത്തത്. കളിയുടെ തുടക്കം മുതല്‍ ബെംഗളൂരുവിനെ വെള്ളംകുടിപ്പിക്കുന്ന കളിയാണ് മഞ്ഞപ്പട നടത്തുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ ആവേശത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പറന്നു കളിക്കുന്നതാണ് ആദ്യ മിനിറ്റുകളില്‍ തന്നെ കണ്ടത്. സുനില്‍ ഛേത്രിക്കും സംഘത്തിനും പതിവ് താളം കണ്ടെത്താതെ വന്നതോടെ ആതിഥേയരുടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. മറുവശത്ത് സഹലും സ്ലാവിസ്‌കയുമെല്ലാം പറന്നു കളിക്കുന്നതിനാണ് ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

പതിനാറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. മുഹമ്മദ് റാക്കിപ്പിന്റെ അതിവേഗ ക്രോസ് അടിച്ചകറ്റാന്‍ ശ്രമിച്ച ബെംഗളൂരു താരം കീന്‍ ലൂയിസിന് പിഴച്ചു. ബോക്‌സിനകത്തു വച്ച് ഹാന്‍ഡ്‌ബോള്‍. പെനാല്‍റ്റിയെടുത്ത സ്ലാവിസ്‌കയ്ക്ക് പിഴച്ചില്ല. ഗുര്‍പ്രീത് സിംഗിനെ മറികടന്ന് വലയിലേക്ക്. ബ്ലാസ്റ്റേഴ്‌സ് 1-0ത്തിനു മുന്നില്‍. ഗ്യാലറിയില്‍ മഞ്ഞയിരമ്പവുമായി എത്തിയ മഞ്ഞപ്പട ആരാധകര്‍ പൊട്ടിത്തെറിച്ച നിമിഷം.

ഒരു ഗോളിന് പിന്നിലായിട്ടും ബെംഗളൂരുവിന് പതിവ് ഫോമിലെത്താനായില്ല. ഇടയ്ക്ക് ഗുര്‍പ്രീതുമായി കൂട്ടിയിടിച്ച് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് പരിക്കേല്ക്കുകയും ചെയ്തു. മുന്നേറ്റങ്ങള്‍ വേണ്ടവിധത്തില്‍ നീങ്ങാതിരുന്നതോടെ ബെംഗളൂരു താരങ്ങള്‍ പരിക്കന്‍ അടവുകള്‍ പുറത്തെടുക്കുകയും ചെയ്തു.