SHARE

അവസാനം വരെ പൊരുതി അവസാന മിനിറ്റുകളില്‍ കളി കൈപിടുന്ന രീതി കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചില്ല. തകര്‍പ്പന്‍ പ്രകടനങ്ങളുമായി ആദ്യ പകുതി കൈയിലെടുത്ത ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടാംപകുതിയിലെ രണ്ടു ഗോളുകളിലൂടെ ബെംഗളൂരു 2-2ന് സമത്തില്‍ കുരുക്കി. ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ കളിച്ച ഏറ്റവും മികച്ച മത്സരമെന്ന് സതേണ്‍ ഡെര്‍ബിയെ നിസംശയം പറയാം. സ്ലാവിസ്‌ക (16), കറേജ് പെക്കൂസണ്‍ (40) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാര്‍. ഉദാന്ത സിംഗ് (69), സുനില്‍ ഛേത്രി (85) എന്നിവരാണ് ബെംഗളൂരുവിന് സമനില നേടിക്കൊടുത്തത്.

ആദ്യപകുതിയില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ ആവേശത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പറന്നു കളിക്കുന്നതാണ് ആദ്യ മിനിറ്റുകളില്‍ തന്നെ കണ്ടത്. സുനില്‍ ഛേത്രിക്കും സംഘത്തിനും പതിവ് താളം കണ്ടെത്താതെ വന്നതോടെ ആതിഥേയരുടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. മറുവശത്ത് സഹലും സ്ലാവിസ്‌കയുമെല്ലാം പറന്നു കളിക്കുന്നതിനാണ് ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

പതിനാറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. മുഹമ്മദ് റാക്കിപ്പിന്റെ അതിവേഗ ക്രോസ് അടിച്ചകറ്റാന്‍ ശ്രമിച്ച ബെംഗളൂരു താരം കീന്‍ ലൂയിസിന് പിഴച്ചു. ബോക്‌സിനകത്തു വച്ച് ഹാന്‍ഡ്‌ബോള്‍. പെനാല്‍റ്റിയെടുത്ത സ്ലാവിസ്‌കയ്ക്ക് പിഴച്ചില്ല. ഗുര്‍പ്രീത് സിംഗിനെ മറികടന്ന് വലയിലേക്ക്. ബ്ലാസ്റ്റേഴ്‌സ് 1-0ത്തിനു മുന്നില്‍. ഗ്യാലറിയില്‍ മഞ്ഞയിരമ്പവുമായി എത്തിയ മഞ്ഞപ്പട ആരാധകര്‍ പൊട്ടിത്തെറിച്ച നിമിഷം.

ഒരു ഗോളിന് പിന്നിലായിട്ടും ബെംഗളൂരുവിന് പതിവ് ഫോമിലെത്താനായില്ല. ഇടയ്ക്ക് ഗുര്‍പ്രീതുമായി കൂട്ടിയിടിച്ച് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് പരിക്കേല്ക്കുകയും ചെയ്തു. മുന്നേറ്റങ്ങള്‍ വേണ്ടവിധത്തില്‍ നീങ്ങാതിരുന്നതോടെ ബെംഗളൂരു താരങ്ങള്‍ പരിക്കന്‍ അടവുകള്‍ പുറത്തെടുക്കുകയും ചെയ്തു. ആദ്യപകുതി 2-0ത്തിന് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.

രണ്ടാംപകുതിയില്‍ ആക്രമണത്തിന് കുറച്ചു വേഗത കുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മിക്കുവിനെ കൂടി കളത്തിലിറക്കി ബെംഗളൂരു നീക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. രാഹുല്‍ ബെക്കെയും കൂടി എത്തിയതോടെ വിംഗുകളില്‍ കൂടി ബെംഗളൂരു നീക്കങ്ങള്‍ക്ക് വേഗവും ആസൂത്രണവും കൈവന്നു. നിരന്തര ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ബെംഗളൂരുവിന് ഫലംകിട്ടി. ഉദാന്ത സിംഗിലൂടെ ആതിഥേയര്‍ ഒരുഗോള്‍ മടക്കി.

ബ്ലാസ്‌റ്റേഴ്‌സ് കുറച്ചുകൂടി തളരുന്നതിനാണ് അവസാന മിനിറ്റുകള്‍ സാക്ഷ്യംവഹിച്ചത്. ഇടയ്ക്ക് സ്ലാവിസ്‌കയുടെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുന്നതിനും ആരാധകര്‍ സാക്ഷിയായി. പടിക്കല്‍ കലമുടയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് അവസാന പത്തുമിനിറ്റില്‍ കണ്ടത്. ജയമുറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് ഇടിത്തീയായി ഛേത്രിയുടെ വക സുന്ദരന്‍ ഗോള്‍. ഏഴുമത്സരങ്ങള്‍ക്കു ശേഷമാണ് ഛേത്രി ഗോള്‍ നേടുന്നത്.