നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ പന്ത്രണ്ടാം പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് നാളെ എഫ് സി ഗോവയെ നേരിടുകയാണ്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഗോവയ്ക്കെതിരെയുള്ള മത്സരം കേരളത്തിന് കടുകട്ടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ആർത്തലയ്ക്കുന്ന സ്വന്തം കാണികളുടെ പിൻ ബലത്തിൽ നാളെ ഗോവയെ തകർക്കാം എന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ. ലീഗിൽ ഇതിന് മുൻപ് ഇരു ടീമുകളും ഗോവയിലെ ഫറ്റോർഡയിൽ ഏറ്റുമുട്ടിയപ്പോൾ ആതിഥേയരോട് 5-2 എന്ന സ്കോറിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു കേരളത്തിന്. അന്നത്തെ കനത്ത തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പ്രതികാരം ചെയ്യാനുള്ള സുവർണാവസരമാണ് ബ്ലാസ്റ്റേഴ്സിനിത്.
മാർക്ക് സിഫ്നിയോസിന്റെ ഏഴാം മിനുറ്റ് ഗോളിൽ ആദ്യം മുന്നിലെത്തിയതിന് ശേഷമായിരുന്നു അന്ന് ഗോവയ്ക്കെതിരെ കേരളം കനത്ത പരാജയം ഏറ്റുവാങ്ങിയത്. എന്നാൽ അന്ന് കളിച്ച കേരളമല്ല ഇപ്പോളുള്ളത്. പരിശീലകൻ മാറിയതിനൊപ്പം ടീമിന് പുതിയൊരു ഉണർവും കൈവശം വന്നിട്ടുണ്ട്. ജയിക്കണം എന്ന വാശിയിലാണ് എല്ലാ താരങ്ങളും മൈതാനത്ത് അധ്വാനിക്കുന്നത്. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നിരാശപ്പെടേണ്ടി വന്നത്. നാലു മത്സരങ്ങളിൽ ടീമിനെ നയിച്ച ഡേവിഡ് ജെയിംസ് 7 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്.
എന്നാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ കളിക്കുന്ന ഗോവയ്ക്കെതിരെയുള്ള മത്സരം കേരളാ പ്രതിരോധത്തിന് പിടിപ്പത് പണിയാകും. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീം ഗോവയാണ് (22), ബ്ലാസ്റ്റേഴ്സ് അടിച്ചിട്ടുള്ളത് 12 എണ്ണം മാത്രം. ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ നയിക്കുന്ന പ്രതിരോധ നിര കാര്യമായി പരീക്ഷിക്കപ്പെടാൻ പോകുന്ന മത്സരമാകും ഗോവയ്ക്കെതിരെയുള്ളത്. 9 ഗോളുമായി ലീഗിലെ ഗോൾഡൻ ബൂട്ട് അവാർഡിൽ ഒന്നാമത് നിൽക്കുന്ന കോറോയും, 7 ഗോളുകളുമായി മൂന്നാമത് നിൽക്കുന്ന ലാൻസറോട്ടെയുമാകും കേരളത്തിന്റെ പ്രധാന വെല്ലുവിളി. ഇവർ രണ്ട് പേരും ചേർന്ന് അടിച്ചിട്ടുള്ള ഗോളുകൾ പോലും ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാവരും ചേർന്ന് നേടിയിട്ടില്ല.
ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. ഓരോ മത്സരവും ഓരോ ഫൈനലുകളാണെന്ന് ചുരുക്കം. ഇനി സംഭവിക്കുന്ന പരാജയങ്ങൾ ലീഗിലെ അവരുടെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കും. അത് കൊണ്ടു തന്നെ നാളെ ഗോവയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോൾ മുൻ മത്സരത്തിലെ തോൽവിക്ക് പ്രതികാരം ചെയ്യാനും അത് വഴി സെമി ഫൈനലിലേക്കുള്ള കുതിപ്പിന് തുടക്കമിടുകയുമാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.