SHARE

ഐ എസ് എല്‍ നാലാം സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും സൂപ്പര്‍ കപ്പില്‍ ഐ ലീഗിലെ രണ്ടാമന്‍മാരായ നെറോക്ക എഫ് സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏപ്രില്‍ ആറിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഐ ലീഗിലെയും ഐ എസ് എല്ലിലെയും കാണികളുടെ കാര്യത്തില്‍ മുമ്പന്‍മാരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്നത് തന്നെയാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വ്യത്യസ്തരാക്കുന്നത് തന്നെ, ടീമിന്റെ ആരാധകക്കൂട്ടായ്മയാണ്. സീസണിലെ ഹോം മത്സരങ്ങളില്‍ ശരാശരി 31000-ത്തിലധികം കാണികളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തിയത്. മാത്രമല്ല, ഇത്തവണ എവേ മത്സരങ്ങളിലും നിരവധി ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കാനായി ടീമിനൊപ്പമെത്തി. ബെംഗളുരുവില്‍ നടന്ന അവസാന എവേ മത്സരത്തില്‍ സ്റ്റേഡിയത്തില്‍ 65 ശതമാനവും ബ്ലാസ്റ്റേഴ്‌സ് ആരാധകരായിരുന്നു. അങ്ങനെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഏറ്റവുമധികം കാണികളെത്തിയ മത്സരമെന്ന റെക്കോര്‍ഡും അന്ന് മഞ്ഞപ്പട നേടിക്കൊടുത്തു. എന്നാല്‍ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ച വെച്ചില്ല. ലീഗ് ഘട്ടത്തില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ടീമിന്.

ഐ ലീഗില്‍ വളരെ പെട്ടെന്ന് തന്നെ വന്‍ നേട്ടങ്ങളുണ്ടാക്കിയ ടീമാണ് നെറോക്ക എഫ് സി. ആരാധകരുടെ കാര്യത്തില്‍ നെറോക്കയുടെ ശരാശരി 21000-ത്തിലധികമാണ്. ഐ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരെത്തിയതും നെറോക്കയുടെ മത്സരങ്ങള്‍ക്കാണ്. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെയും മോഹന്‍ ബഗാനെയും ഇക്കാര്യത്തില്‍ നെറോക്ക മറികടന്നു. 2015-16 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ അരങ്ങേറിയ നെറോക്ക തൊട്ടടുത്ത വര്‍ഷം ജേതാക്കളായി ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷന്‍ നേടി. മാത്രമല്ല, പങ്കെടുത്ത ആദ്യ ഐ ലീഗില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനെ പോലെ തന്നെ കാണികളാണ് ടീമിന്റെ കരുത്ത്. അതിനാൽ സൂപ്പർ കപ്പിലെ അവസാന പ്രീ ക്വാർട്ടർ മൈതാനത്ത് മാത്രമല്ല, ഗ്യാലറിയിലും കൂടി ആവേശം വിതയ്ക്കുമെന്നുറപ്പാണ്.