SHARE

കേരളാ ബ്ലാസ്റ്റേഴ്സ് ഇക്കുറി മുൻനിരയിലേക്ക് മൂന്ന് വിദേശതാരങ്ങളെയാണ് എത്തിച്ചിരിക്കുന്നത്. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ്, അർജന്റൈൻ ഫോർവേഡ് ജോർജ് പെരേയ്ര ഡയസ്, ഭൂട്ടാനീസ് വിങ്ങർ ചെൻചോ ജ്യെൽഷൻ എന്നിവരാണ് ഐഎസ്എൽ എട്ടാം സീസണിൽ കേരളാ ക്ലബിന്റെ ജേഴ്സി അണിയുക.

ഇതിൽ ഡയസിന്റെ സൈനിങ്ങ് മാത്രമാണ് ഏറെ നാൾ അഭ്യൂഹങ്ങളിൽ നിറഞ്ഞത്. വാസ്ക്വസിന്റേയും ചെൻചോയുടേയും സൈനിങ് അഭ്യൂഹങ്ങൾ പുറത്തുവന്ന് അധികം വൈകാതെ തന്നെ ക്ലബ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഇതിനിടിയിൽ ബ്ലാസ്റ്റേഴ്സ് ഒട്ടേറെ വിദേശതാരങ്ങൾക്ക് പിന്നാലെ കൂടിയിരുന്നതായി സൂചനകൾ വന്നിരുന്നു. ഒഡിഷ സൈൻ ചെയ്ത ബ്രസീൽ ജോനാഥസ് ഡി ജെസ്യൂസിനെ ആദ്യം ബ്ലാസ്റ്റേഴ്സാണ് നോട്ടമിട്ടിരുന്നതെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയിപ്പോൾ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന മറ്റൊരു താരത്തെക്കുറിച്ചും മാർക്കസ് വെളിപ്പെടുത്തൽ നടത്തി.

ബ്ലാസ്റ്റേഴ്സ് ഒരു ഡച്ച് ലീ​ഗ് താരത്തെ നോട്ടമിട്ടതായി മാർക്കസ് തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ നീക്കം പരാജയപ്പെട്ടെന്നും അദ്ദഹം അറിയിച്ചു. എന്നാലിപ്പോൾ മാർക്കസ് ആ താരത്തിന്റെ പേര് വെളിപ്പെടുത്തി. കോൺകകാഫ് മേഖലയിലെ ടീമായ ക്യൂറസാവോയുടെ ജാഫർ അരിയാസിനെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്നത്.

26-കാരനായ അരിയാസ് ​ഗ്രോനിൻ​ഗൻ,വെൻലോ തുടങ്ങിയ ഡച്ച് ടീമുകളിലാണ് കളിച്ചിരുന്നത്. വെൻലോ വിട്ട ശേഷമാണ് അരിയാസ് ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറ്റത്തിന് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ അരിയാസ് റുമാനിയൻ ലീ​ഗിലേക്ക് പറന്നു. 2019-ലെ കിങ്സ് കപ്പിൽ ഇന്ത്യക്കെതിരെയാണ് ക്യൂറസാവോ ജേഴ്സിയിൽ അരിയാസ് അരങ്ങേറിയത്.