SHARE

ദക്ഷിണാഫ്രിക്കന്‍ താരം ഗുലാം ബോഡിക്ക് ജീവപര്യന്തം തടവു ലഭിച്ചേക്കുമെന്ന സൂചനകള്‍ ശക്തം. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ടി20 ലീഗായ റാംസ്ലാം ടൂര്‍ണമെന്റില്‍ ഒത്തുകളിച്ചതിനാണ് ബോഡി ഇപ്പോള്‍ വിചാരണ നേരിടുന്നത്. സംഭവത്തില്‍ കഴിഞ്ഞദിവസം പ്രെട്ടോറിയ കോമേഴ്‌സ്യല്‍ ക്രൈം കോടതിയില്‍ താരം ഹാജാരായിരുന്നു. പതിനഞ്ചു വര്‍ഷത്തോളം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താരത്തില്‍ ചുമത്തിയിരിക്കുന്നത്. അടുത്ത ജനുവരിയില്‍ വിധി പറയുമെന്നാണ് കരുതുന്നത്.

2016 ജനുവരിയില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ബേഡിയെ കളിയില്‍ നിന്ന് 20 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അന്ന് ഒത്തുകളിക്ക് കൂട്ടുനിന്ന ജീന്‍ സൈംസ്, പുമി മാറ്റ്ഷിക്വെ, എതി എംബലാത്തി, താമി ത്സോലെകിലെ, അല്‍വിരോ പീറ്റേഴ്‌സണ്‍ എന്നിവര്‍ക്കും വിവിധ കാലയളവുകളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അന്ന് വിലക്ക് നേരിട്ട ലോണ്‍വാബോ ടോട്‌സോബെ ഇപ്പോള്‍ സംഗീത ലോകത്ത് സജീവമാണ്. മുപ്പത്തൊമ്പതുകാരനായ ബോഡിയാകട്ടെ ഇന്ത്യയില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താരമാണ്. രണ്ട് ഏകദിനങ്ങളിലും ഒരു ട്വന്റി-20യിലും ദേശീയ ടീമിനായി കളിച്ചു.