SHARE

ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് നീക്കം തുടങ്ങി. ഇന്ത്യയിലെ ഐഎസ്എല്‍ ക്ലബുകളിലൊന്നിനെ പാര്‍ട്ട്ണര്‍ ക്ലബാക്കാനുള്ള നീക്കവുമായി എത്തിയിരിക്കുന്നത് അവരുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കാര്‍സ്റ്റെന്‍ ക്രാമര്‍ ആണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ചില ക്ലബുകളുമായി അവര്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലും കാര്‍സ്റ്റെന്‍ ഇന്ത്യയിലെത്തിയിരുന്നു.

ഫുട്‌ബോളില്‍ ഇന്ത്യ വലിയൊരു മാര്‍ക്കറ്റാണെന്ന തിരിച്ചറിവാണ് ജര്‍മന്‍ ക്ലബിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ്, എടികെ, മുംബൈ എഫ്‌സി ക്ലബുകളാണ് ബൊറൂസിയയുമായി ചര്‍ച്ച നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്താനായാല്‍ കേരളത്തിലെ ഫുട്‌ബോളിന് അതു വലിയ ഗുണം ചെയ്യും. ആദ്യ സീസണുകളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എടികെ കൊല്‍ക്കത്തയുമായി സഹകരിച്ചിരുന്നു.

ബൊറൂസിയയുമായി കരാറിലെത്തിയാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് ജര്‍മനിയില്‍ പരിശീലനത്തിനും സാങ്കേതിക, മാര്‍ക്കറ്റിംഗ് രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഇരുകൂട്ടര്‍ക്കും ഇത് ഗുണം ചെയ്യും. ഐഎസ്എല്‍ സീസണ്‍ തുടങ്ങും മുമ്പ് ഐഎസ്എല്‍ ക്ലബുകളിലൊന്നുമായുള്ള സഹകരണം ബൊറൂസിയ പ്രഖ്യാപിച്ചേക്കും.