SHARE

ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ ബയേൺ മ്യൂണിച്ചിന്റെ കുത്തകയവസാനിപ്പിക്കുക എന്ന ഒറ്റലക്ഷ്യവുമായാണ് അടുത്ത സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഇറങ്ങുക. സൂപ്പർതാരം എർലിങ് ഹലാൻഡ് ക്ലബ് വിട്ടെങ്കിലും ഈ ലക്ഷ്യം കൈവരിക്കാൻ മറ്റ് മാർ​ഗങ്ങൾ തേടുകയാണ് ഡോർട്ട്മുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ സീസണിലേക്കുള്ള ആറാമത്തെ സൈനിങ്ങും ഡോർട്ട്മുണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു.

ഫ്ര‍ഞ്ച് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാളറിയെനാണ് ഏറ്റവും ഒടുവിലായി ഡോർട്ട്മുണ്ട് ടീമിലെത്തിക്കുന്നത്. 28-കാരനായ ഹാളർ കഴിഞ്ഞ രണ്ട് സീസണുകളായി ഡച്ച് സൂപ്പർക്ലബ് അയാക്സിനായി മിന്നുന്ന ​ഗോൾവേട്ടയാണ് നടത്തിയത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം, 35 ദശലക്ഷം യൂറോ ട്രാൻസ്ഫർ ഫീ നൽകിയാണ് ഡോർട്ട്മുണ്ട് ഈ താരത്തെ റാഞ്ചുന്നത്. മെഡിക്കലിനും ഔദ്യോ​ഗിക കടലാസുജോലികൾക്കും ശേഷം ക്ലബ് താരത്തിന്റെ ട്രാൻസ്ഫർ പ്രഖ്യാപിക്കുമെന്നാണ് സൂചന.

നിക്ലാസ് സ്യൂൾ, നിക്കോ ഷ്ലോറ്റർബെക്കി, കരീം അദെയാമി, സാലിഹ് ഒസാൻ,ജെയ്ഡൻ ബ്രാഫ് എന്നിവരെയാണ് ഇതിനകം ഡോർട്ട്മുണ്ട് സൈൻ ചെയ്തത്. യുവപരിശീലകൻ എഡിൻ ടെർസിച്ചിന്റെ കീഴിലാണ് അടുത്ത സീസണിൽ ഡോർട്ട്മുണ്ട് കിരീടപ്പോരാട്ടത്തിനൊരുങ്ങുന്നത്.