SHARE

ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി യുസോഫ മൗക്കോക്കയ്ക്ക്. ഇന്നലെ ഹെർത്താ ബെർലിനെതിരായ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായി കളത്തിലിറങ്ങിയതോടെയാണ് മൗക്കോക്ക ഈ നേട്ടം സ്വന്തമാക്കിയത്.

ഹെർത്തയ്ക്കെതിരായ മത്സരത്തിന്റെ 85-ാം മിനിറ്റിൽ എർലിങ് ഹലാൻഡിന് പകരമായി ഇറങ്ങുമ്പോൾ മൗക്കോക്കയ്ക്ക് പ്രായം 16 വർഷവും ഒരു ദിവസവും. വെള്ളിയാഴ്ചയായിരുന്നു ഈ മുന്നേറ്റതാരത്തിന്റെ 16-ാം പിറന്നാൾ. ജർമനിയിലെ ഒന്നാം ഡിവിഷനായ ബുന്ദസ്‍‍ലി​ഗയിൽ കളിക്കണമെങ്കിൽ നെരത്തെ ഒരു താരത്തിന് പതിനാറര വയസാകണമായിരുന്നു. ഇത് 16 ആക്കി മാറ്റിയത് ഈ സീസണിലാണ്. ഇതോടെയാണ് പിറന്നാളിന്റെ പിറ്റേന്ന് തന്നെ മൗക്കോക്ക ഡോർട്ട്മുണ്ട് ജേഴ്സിയിൽ മൈതാനത്തിറങ്ങിയത്.

കാമറൂണിൽ ജനിച്ച മൗക്കോക്ക 2014-ലാണ് ജർമനിയിലെത്തുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് താരം ഡോർട്ട്മുണ്ട് അക്കാദമയിലെത്തുന്നത്. അവരുടെ യൂത്ത് ടീമിനായി നടത്തിയ തകർപ്പൻ ​ഗോൾവേട്ടയാണ് മൗക്കോക്കയെ ലോകശ്രദ്ധേയനാക്കിയത്. ജർമനിയുടെ യൂത്ത് ദേശീയ ടീമിലും മൗക്കോക്ക അം​ഗമാണ്.

തുർക്കി താരമായ നൂറി സഹനായിരുന്നു മുമ്പ് ബുന്ദസ്‌ലി​ഗയിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. 2005-ൽ ഡോർട്ട്മുണ്ടിനായി തന്നെ അരങ്ങേറ്റം കുറിക്കുമ്പോൾ സഹിന് പ്രായം 16 വർഷവും 334 ദിവസവുമായിരുന്നു.