SHARE

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരവുമായി ബന്ധപ്പെട്ട പ്രവചനങ്ങളുമായി മുൻ ഇന്ത്യൻ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര രംഗത്ത്. സ്പിന്നർമാർക്ക് മത്സരത്തിൽ നിന്ന് വെറും കൈയ്യോടെ മടങ്ങേണ്ടി വരില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, ഇരു ടീമുകളിലും ഒട്ടേറെ വെടിക്കെട്ട് ബാറ്റർമാരുള്ള മത്സരത്തിൽ നാലിലധികം സിക്സറുകൾ പിറക്കുമെന്നും കൂട്ടിച്ചേർത്തു. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ചോപ്ര ഈ പ്രവചനങ്ങൾ നടത്തിയത്.

“സ്പിന്നർമാർ ഇന്ന് മൂന്ന് വിക്കറ്റിലധികം നേടും. മത്സരത്തിൽ നാല് സിക്സറിലധികം പിറക്കും. ഇരു ടീമുകളുടേയും നാലാം നമ്പരിൽ ബാറ്റിംഗിനിറങ്ങുന്നവർ 20 റൺസിലധികം നേടും. ഒരു വശത്ത് സൂര്യകുമാർ യാദവായിരിക്കും എത്തുക. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗത്ത് നിന്ന് ദിനേഷ് കാർത്തിക്ക്, ഓയിൻ മോർഗൻ, നിതീഷ് റാണ എന്നിവരിൽ ആരുമെത്താം.” ചോപ്ര പറഞ്ഞു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൃഗീയാധിപത്യമുള്ള മുംബൈ അത് ഈ മത്സരത്തിലും തുടരുമെന്നാണ് ചോപ്ര പറയുന്നത്. കൊൽക്കത്തക്കെതിരെ അവസാനം കളിച്ച 13 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം പരാജയപ്പെട്ട മുംബൈ, ഇന്നും വിജയക്കൊടി നാട്ടുമെന്ന് സംസാരത്തിനിടെ ചോപ്ര ചൂണ്ടിക്കാട്ടി.