SHARE

ഈ മാസം മുപ്പതാം തീയതി ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ പുത്തൻ‌ എവേ ജേഴ്സിയണിഞ്ഞാണ് ഇന്ത്യൻ ടീം കളിക്കേണ്ടത്. ഒരെ നിറത്തിലുള്ള ടീമുകൾ കളിക്കുമ്പോൾ ടീമുകളിലൊന്ന് വ്യത്യസ്ത നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് കളിക്കണമെന്ന് ഐസിസി നിർദ്ദേശം ഉള്ളതിനാലാണിത്. ഈ ലോകകപ്പിൽ മറ്റ് പല ടീമുകളും തങ്ങളുടെ എവേ ജേഴ്സിയിൽ കളിച്ചെങ്കിലും ഇന്ത്യ ഇത് വരെ തങ്ങളുടെ എവേ ജേഴ്സി പുറത്ത് വിട്ടിട്ടില്ല.

ഓറഞ്ച് നിറത്തിലാണ് ഇന്ത്യയുടെ എവേ ജേഴ്സിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിനെതിരെ പലയിടത്ത് നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുമുണ്ട്. ഇന്ത്യൻ ജേഴ്സി ഓറഞ്ച് നിറത്തിലാക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ ഇന്ത്യൻ ടീമിന്റെ ബോളിംഗ് പരിശീലകൻ ഭരത് അരുണിന് നേരിടേണ്ടി‌വന്ന ചോദ്യങ്ങളിലൊന്നും ഓറഞ്ച് എവേ ജേഴ്സിയെക്കുറിച്ചായിരുന്നു. എന്നാൽ തങ്ങൾ ധരിക്കാൻ പോകുന്ന എവേ ജേഴ്സിയുടെ നിറം എന്തെന്ന് ഇപ്പോളും തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭരത് അരുണിന്റെ വാക്കുകൾ ഇങ്ങനെ, “സത്യം പറഞ്ഞാൽ ഞങ്ങൾ അണിയാൻ പോകുന്ന ജേഴ്സിയുടെ നിറം എന്താണെന്ന് എനിക്കറിയില്ല. അക്കാര്യത്തെക്കുറിച്ച് കാര്യമായി ഞങ്ങൾ ചിന്തിച്ചിട്ടുമില്ല. നാളെ നടക്കാനിരിക്കുന്ന മത്സര ത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ചിന്ത. കളിയിലാണ്, അല്ലാതെ ധരിക്കാൻ പോകുന്ന ജേഴ്സിയുടെ നിറത്തിലല്ല ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത്.” ഇന്ത്യൻ ബോളിംഗ് പരിശീലകൻ പറഞ്ഞുനിർത്തി.