SHARE

സെഞ്ചൂറിയനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും പിച്ച് ഇന്ത്യയ്ക്ക് തലവേദനയാവാൻ സാധ്യത. പുല്ലിന്റെ അംശം കുറവുള്ള പിച്ചാണ് രണ്ടാം ടെസ്റ്റിൽ തയ്യാറാക്കിയിരിക്കുന്നത്. അത് കൊണ്ടു തന്നെ ആദ്യ ടെസ്റ്റ് നടന്ന കേപ് ടൗണിലേക്കാൾ ബൗൺസും പേസും സെഞ്ചൂറിയനിലെ പിച്ചിൽ നിന്ന് ബോളർമാർക്ക് ലഭിക്കും.

സ്വിംഗിനും, പേസിനും, ബൗൺസിനും നേരത്തെ തന്നെ പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത്. ദക്ഷിണാഫ്രിക്കയിൽ കളിക്കാനെത്തുന്ന വിദേശ ടീമുകൾക്ക് എല്ലായ്പ്പോളും ഈ ഗ്രൗണ്ടും പിച്ചും തലവേദന സൃഷ്ടിക്കാറുണ്ട്. ഇത് ഇന്ത്യയെ ഏറെ ഭയപ്പെടുത്തുന്നുണ്ട്.

ബാറ്റിംഗ് ദുഷ്കരമായ കേപ്ടൗണിലെ ആദ്യ ടെസ്റ്റിൽ ദയനീയ ബാറ്റിംഗ് പ്രകടനമായിരുന്നു ടീം ഇന്ത്യയുടേത്. ബോളർമ്മാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ബാറ്റ്സ്മാന്മാരുടെ പരാജയമായിരുന്നു ഇന്ത്യയെ 72 റൺസ് തോൽവിയിലേക്ക് നയിച്ചത്. രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തി പരമ്പര സമനിലയിലാക്കാൻ തയ്യാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും സെഞ്ചൂറിയനിലെ പിച്ച് സമ്മാനിക്കുക. ബാറ്റിംഗ് പിച്ചുകളിൽ പോലും അപകടകാരികളായ ദക്ഷിണാഫ്രിക്കൻ പേസ് സംഘം ഇത് പോലെയൊരു ബോളിംഗ് അനുകൂല പിച്ചിൽ എത്രത്തോളം പ്രശ്നക്കാരായിരിക്കുമെന്ന് ഇന്ത്യൻ സംഘത്തിന് നന്നായി അറിയാം. അത് കൊണ്ടു തന്നെ ഫിലാൻഡർ അടക്കമുള്ള ദക്ഷിണാഫ്രിക്കൻ പേസ് പടയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ സാധ്യതകൾ.