SHARE

ബാറ്റ് ചെയ്യാന്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അംപയറും അടുത്തിടെ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ബൗളര്‍ ഹെല്‍മറ്റ് ഉപയോഗിക്കുകയോ? അസംബന്ധം എന്നു പറയാന്‍ വരട്ടെ. ന്യൂസിലന്‍ഡ് ട്വന്റി-20 ടൂര്‍ണമെന്റായ സൂപ്പര്‍ സ്മാഷിലാണ് സംഭവം. ഒട്ടാഗോ വോള്‍ട്ട്‌സിന്റെ വാറണ്‍ ബര്‍ണെസാണ് പ്രത്യേകതരം ഹെല്‍മറ്റണിഞ്ഞ് പന്തെറിഞ്ഞത്.

ബാറ്റ്‌സ്മാന്‍ അണിയുന്നതില്‍ നിന്നും വ്യത്യസ്തമായ ഹെല്‍മറ്റാണ് താരം അണിഞ്ഞത്. ബേസ്‌ബോള്‍ അംപയര്‍മാര്‍ ധരിക്കുന്ന തരത്തിലുള്ളവ. സ്‌ട്രൈറ്റ് ട്രൈവുകളില്‍ നിന്നും രക്ഷപ്പെടാനാണത്രേ ബര്‍ണെറ്റ് ഈ ഹെല്‍മറ്റ് അണിഞ്ഞത്. ഹെല്‍മറ്റ് വച്ച് പന്തെറിഞ്ഞ ബര്‍ണെറ്റ് കളി മോശമാക്കിയില്ല. മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

നൈറ്റ്‌സിനെതിരേ നടന്ന മത്സരത്തില്‍ ബര്‍ണെറ്റിന്റെ ടീം പക്ഷേ തോറ്റു. നൈറ്റ്‌സ് 20 ഓവറില്‍ അടിച്ചെടുത്തത് 212 റണ്‍സ്. ഹെല്‍മറ്റ് വച്ചുള്ള ബൗളിംഗ് സുഖകരമാണെന്നാണ് താരം പറയുന്നത്. പവര്‍ ഗെയിമിന് പ്രാധാന്യം കൂടിവരുന്ന കാലത്ത് കൂടുതല്‍ താരങ്ങള്‍ ഭാവിയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് പന്തെറിഞ്ഞേക്കാം.