SHARE

അമേരിക്കക്കാരനായ പ്രശസ്ത ബോക്സിങ് താരം ഫ്ലോയിഡ് മേയ്‌വെതർ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. വിവിധ വിദേശ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. വ്യവസായ സാമ്രാജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് മേയ്‌വെതർ ഇത്തരത്തിലൊരു ആലോചനയിലേക്ക് കടന്നിരിക്കുന്നത്.

ന്യൂകാസിൽ നഗരത്തോടുള്ള ഇഷ്ടമാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് മേയ്‌വെതറിനെ എത്തിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പുതിയ വ്യവസായങ്ങൾക്കായി ഞാൻ പലപ്പോഴും പണം മുടക്കാറുണ്ട്, എന്നാൽ ഞാൻ പണം മുടക്കുന്നത് തലകൊണ്ടാണ്, ഹൃദയം കൊണ്ടല്ല. ഹൃദയം കൊണ്ട് പണം മുടക്കിയാൽ അത് നഷ്ടമാകാനാണ് സാധ്യത കൂടുതൽ. മേയ്‌വെതർ പറഞ്ഞു. മുൻ ലിവർപൂൾ പരിശീലകൻ റാഫേൽ ബെനിറ്റസ് പരിശീലിപ്പിക്കുന്ന ന്യൂകാസിൽ ക്ലബ് വിൽക്കാൻ ഉടമ മൈക്ക് ആഷ്ലി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മേയ്‌വെതർ സൂചനകൾ നൽകിയതും.

-Advertisement-

പ്രൊഫഷണൽ ബോക്സിങ് കരിയറിൽ ഇതുരെ തോൽവിയറിയാത്ത താരമാണ് മേയ്‌വെതർ . ഫിലിപ്പീൻസ് സൂപ്പർ താരം മനി പക്വാവോ, മാർഷ്യൽ ആർട്സ് താരം കോണർ മക്​ഗ്രി​ഗർ എന്നിവരെയാണ് അവസാനം നടന്ന മത്സരങ്ങളിൽ മേയ്‌വെതർ തോൽപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ കായികതാരങ്ങളിൽ മുന്നിലാണ് മേയ്‌വെതറിന്റെ സ്ഥാനം.