SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്.സി.​ഗോവയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി സൂപ്പർതാരം ബ്രണ്ടന് ഫെർണാണ്ടസിന്റെ പരുക്ക്. കാലിന്റെ തുടയിലെ പേശിക്കേറ്റ പരുക്കിനെത്തുടർന്ന് ബ്രണ്ടൻ ലീ​ഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സീസണിൽ ​ഗോവയ്ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ബ്രണ്ടൻ. എന്നാൽ ജനുവരി 17-ന് എ.ടി.കെമോഹൻ ബ​ഗാനെതിരെ നടന്ന മത്സരത്തിനിടെയാണ് ബ്രണ്ടന് പരുക്കേറ്റത്. അന്ന് മുതൽ കളിക്കളത്തിന് പുറത്താണ് ബ്രണ്ടൻ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ബ്രണ്ടൻ, ചെറിയ ഒരു ശസ്ത്രക്രിയക്ക് വിധേയനായി. ഇതോടെ ഈ മാസം കൂടി ബ്രണ്ടൻ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും. അങ്ങനെവന്നാൽ ലീ​ഗ് ഘട്ടത്തിലെ ​ഗോവയുടെ ശേഷിക്കുന്ന മത്സരങ്ങളിലൊന്നും ബ്രണ്ടന് കളിക്കാനാകില്ല.

​ഗോവ പ്ലേ ഓഫിലെത്തുകയാണെങ്കിൽ, ആ സമയത്തേക്ക് ബ്രണ്ടൻ പരുക്ക് മോചിതനായി ടീമിലെത്തുമെന്നാണ് സൂചന. എന്നാൽ ലീ​​ഗിൽ നിലവിൽ അഞ്ചാമതുള്ള ​ഗോവയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് ബ്രണ്ടന്റെ പരുക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.