SHARE

ക്രിക്കറ്റ് ലോകത്തെ കറുത്ത അധ്യായമായിരുന്നു 2014ല്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് പരമ്പര. ഏകദിന പരമ്പരയുടെ ഇടയ്ക്കുവച്ച് വിന്‍ഡീസ് താരങ്ങള്‍ സ്വന്തം ബോര്‍ഡുമായി പ്രതിഫലത്തിന്റെ പേരില്‍ ഇടയുകയും ഇടയ്ക്ക് വച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം ഡ്വെയ്ന്‍ ബ്രാവോ മനസുതുറന്നിരുന്നു. അന്ന് നാലാം ഏകദിനത്തിന്റെ ടോസ് സമയത്ത് കളി ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് തിരികെ മടങ്ങിയത് ബ്രാവോയുടെ നേതൃത്വത്തിലായിരുന്നു.

ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍. ശ്രീനിവാസന്റെ നിര്‍ദേശപ്രകാരമാണ് ആദ്യ മൂന്നു ഏകദിനങ്ങളും കളിച്ചതെന്ന് ബ്രാവോ പറയുന്നു. അന്ന് ബിസിസിഐ തങ്ങള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിന്‍ഡീസ് ബോര്‍ഡുമായി ഒത്തുതീര്‍പ്പില്ലാതെ വന്നതോടെ മടങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ആദ്യ ഏകദിനം കളിക്കാന്‍ ആവശ്യപ്പെട്ട് ഒരു ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ശ്രീനിവാസന്‍ തനിക്ക് സന്ദേശമയച്ചു. വിന്‍ഡീസ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങണമെന്നായിരുന്നു അദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം താരങ്ങളെ അറിയിച്ചെങ്കിലും ഇന്ത്യ വിടാനുള്ള തീരുമാനത്തില്‍ എല്ലാവരും ഉറച്ചുനിന്നു. ഇന്ത്യ വിടാനുള്ള തീരുമാനം കൂട്ടായെടുത്തതാണ്. ഒരു താരമൊഴികെ എല്ലാവരും പേപ്പറില്‍ തനിക്ക് ഒപ്പിട്ടുനല്‍കിയിരുന്നു. പിന്നീട് ആദ്യ മൂന്നു ഏകദിനങ്ങള്‍ തങ്ങള്‍ കളിച്ചു.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും ഡബ്ലുഐപിഎ പ്രസിഡന്റുമായി ബന്ധപ്പെടാന്‍ പലകുറി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നപ്പോഴാണ് ആദ്യ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വിന്‍ഡീസ് ബോര്‍ഡിനെ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ കളിച്ചു, അടുത്ത മത്സരങ്ങളിലും ഇതാവര്‍ത്തിച്ചു. ഒടുവില്‍ നാലാം മത്സരത്തില്‍ ബോര്‍ഡിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ടീമംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ടോസിനിറങ്ങിയതെന്നും ബ്രാവോ വെളിപ്പെടുത്തി.