SHARE

ലാ ലി​ഗ ക്ലബ് റയൽ വല്ലഡോയിഡിനെ ബ്രസീലിന്റെ ഇതിഹാസം റൊണാൾഡോ സ്വന്തമാക്കി. ടീമിന്റെ 51 ശതമാനം ഓഹരി വാങ്ങിയാണ് പ്രധാന ഉടമയായി റൊണാൾഡോ മാറിയത്. ഇന്ന് പകൽ സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.

30 ദശലക്ഷം യൂറോയുടെ ഓഹരിയാണ് റൊണാൾഡോ വാങ്ങിയത്. നിലവിൽ ക്ലബിന്റെ ഏറ്റവും കൂടുതൽ ഓഹരി കൈവശമുള്ള കാർലോസ് സുവാരസിൽ നിന്നാണ് റൊണാൾഡോ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. ഉടമസ്ഥാവകാശത്തിനായി ചൈനയിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഒട്ടേറെ വാ​ഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും റൊണാൾഡോയോടൊപ്പം പ്രവർത്തിക്കുന്നതാണ് നല്ലെതന്ന് തോന്നിയതിനാലാണിതെന്ന് സുവാരസ് പറഞ്ഞു. അതേസമയം ഓഹരികൾ കുറഞ്ഞെങ്കിലും സുവാരസ് ടീമിനൊപ്പം തുടരുമെന്നും വ്യക്തമാക്കി.

ഫുട്ബോളാണ് തനിക്കേറ്റവും വലുത്. ജീവിതത്തിൽ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് അതിന്റെ കരുത്തിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് റൊണാൾഡോ പറഞ്ഞു. ജനുവരിയിൽ തന്നെ സ്പെയിനിലെയോ ഇം​ഗ്ലണ്ടിലെയോ ക്ലബ് സ്വന്തമാക്കാനാ​ഗ്രഹിക്കുന്നെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. റൊണാൾഡോയുടെ വരവ് ക്ലബിന് ​ഗുണം ചെയ്യുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്