SHARE

സെര്‍ബിയക്കെതിരെ നിര്‍ണ്ണായക ഗ്രൂപ്പ് മത്സരം വിജയിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നതിന്റെ ആവേശത്തിലാണ് ബ്രസീലിയന്‍ ടീമും ആരാധകരും. വിജയത്തിലും ആരാധകരെ ആശങ്കപ്പെടുത്തിയത് സൂപ്പര്‍ താരം മാഴ്‌സെലോ ആദ്യ പത്തു മിനുട്ടില്‍ തന്നെ പരുക്കേറ്റ് കളം വിട്ടതായിരുന്നു. എന്നാല്‍ താരത്തിന്റെ പരുക്കില്‍ ആശങ്ക വേണ്ടെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്.

മാഴ്‌സെലോയുടെ പുറംഭാഗത്ത് ഞരമ്പു വലിവ് അനുഭവപ്പെട്ടതാണെന്നും താരം സുഖം പ്രാപിച്ച് വരികയാണെന്നും ബ്രസീല്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. മാഴ്‌സലോ മടങ്ങിയപ്പോള്‍ മത്സരത്തില്‍ പകരമെത്തിയ ഫിലിപ്പെ ലൂയിസ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അത് ആരാധകര്‍ക്ക് ആശ്വാസമായെങ്കിലും മാഴ്‌സെലോ തിരിച്ചു വരണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.

മെക്‌സിക്കോയ്‌ക്കെതിരെ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാഴ്‌സെലോ കളിക്കുമെന്ന സൂചന തന്നെയാണ് ഇപ്പോള്‍ ബ്രസീല്‍ നല്‍കുന്നതും. ജൂലൈ 2നാണ് ബ്രസീലിന്റെ രണ്ടാം റൗണ്ട് മത്സരം. ജര്‍മ്മനി, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ജര്‍മ്മനിയെ ആദ്യ മത്സരത്തില്‍ അവര്‍ പരാജയപ്പെടുത്തിയിരുന്നു.