SHARE

എതിരാളികള്‍ കരുതിയിരിക്കുക. ബ്രസീല്‍ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. റഷ്യയിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി അവസാന സന്നാഹ മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി കാനറിപ്പട. ഓസ്ട്രിയയെ 3-0ത്തിനാണ് നെയ്മറും സംഘവും കെട്ടുകെട്ടിച്ചത്. ഗബ്രിയേല്‍ ജീസസ് (36), നെയ്മര്‍ (63), ഫിലിപ്പെ കുട്ടീഞ്ഞോ (69) എന്നിവരാണ് വലകുലുക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിനു മുന്നോടിയായ അവസാന സന്നാഹ മത്സരം ജയിക്കുകയെന്ന പതിവ് ആവര്‍ത്തിക്കാന്‍ മഞ്ഞപ്പടയ്ക്കായി.

ജര്‍മനിയെ കഴിഞ്ഞ മത്സരത്തില്‍ വിറപ്പിച്ച ഓസ്ട്രിയ പൊരുതി നോക്കിയെങ്കിലും ബ്രസീലിയന്‍ വീര്യത്തെ വെല്ലുവിളിക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ നെയ്മറെ പകരക്കാരന്റെ റോളിലാണ് കോച്ച് ടിറ്റെ ഇറക്കിയതെങ്കില്‍ ഇത്തവണ ആദ്യ ഇലവനില്‍ തന്നെ അവസരം നല്കി. 4-3-3 ശൈലിയിലാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ബ്രസീലിന്റെ മുന്നേറ്റമായിരുന്നു. പതിനെട്ടാം മിനിറ്റിലാണ് നെയ്മറില്‍ നിന്ന് പോസ്റ്റിലേക്ക് ആദ്യ ഷോട്ട് കണ്ടത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജീസസ് ഓസ്ട്രിയന്‍ വലകുലുക്കി.

ആദ്യ പകുതിയുടെ അവസാന നിമിഷം ഒപ്പമെത്താന്‍ ലഭിച്ച അവസരം മുതലാക്കാന്‍ ഓസ്ട്രിയയ്ക്കായില്ല. രണ്ടാംപകുതിയില്‍ നെയ്മറും സംഘവും ഫോമിലേക്കുയര്‍ന്നതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീണേക്കാമെന്ന സ്ഥിതിയായി. അറുപത്തിമൂന്നാം മിനിറ്റില്‍ മനോഹര നീക്കത്തിനൊടുവില്‍ നെയ്മറിന്റെ ഗോളെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാന്‍ സൂപ്പര്‍ താരത്തിനായി. ആറു മിനിറ്റ് പിന്നിട്ടപ്പോള്‍ കുട്ടീഞ്ഞോയുടെ വക ബ്രസീലിന്റെ മൂന്നാം ഗോളും എത്തി.