SHARE

ടോക്കിയോ ഒളിംപിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ജർമനിയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് കാനറിപ്പട തകർത്തത്. അതേസമയം മറ്റൊരു മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയയോട് തോറ്റു.

​ഗ്രൂപ്പ് ‍ഡിയിലെ മത്സരത്തിലാണ് ബ്രസീൽ വിജയം നേടിയത്. മത്സരത്തിന്റെ ആദ്യ മുപ്പത് മിനിറ്റനുള്ളിൽ തന്നെ ബ്രസീൽ മൂന്ന് ​ഗോൾ ലീഡ് നേടി. ഇം​ഗ്ലീഷ് ക്ലബ് എവർട്ടന്റെ സൂപ്പർതാരം റിച്ചാർലിസന്റെ ഹാട്രിക്കിലൂടെയായിരുന്നു ബ്രസീലിന്റെ മുന്നേറ്റം. വിജയമുറപ്പിച്ചാണ് ബ്രസീൽ രണ്ടാം പകുതിയിലിറങ്ങിയത്. എന്നാൽ തിരിച്ചടിക്കാനായിരുന്നു ജർമനിയുടെ തീരുമാനം.

57-ാം മിനിറ്റിൽ നദീം അമീറിയിലൂടെ ജർമനി ആദ്യ ​ഗോൾ മടക്കി. പിന്നാലെ തന്നെ മാക്സിമില്യൻ അർനോൾഡ് ചുവപ്പുകണ്ട് പുറത്തായത് ജർമനിക്ക് തിരിച്ചടിയായി. എങ്കിലും അവർ പൊരുതി നിന്നു. 82-ാം മിനിറ്റിൽ റാ​ഗ്നർ ആച്ചെയിലൂടെ ഒരു ​ഗോൾ കൂടി തിരിച്ചടിച്ച് ജർമനി, ബ്രസീലിന്റെ നെഞ്ചിടിപ്പേറ്റി. എന്നാൽ അശങ്കപ്പട്ടതുപോലെ ഒന്നും സംഭവിച്ചില്ല എന്ന് മാത്രവുമല്ല അവസാനം ഒരു ​ഗോൾ കൂടി നേടാൻ ബ്രസീലിനായി. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ പൗളീന്യോയാണ് കാനറികളുടെ നാലാം ​ഗോൾ നേടിയത്.

​ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിലാണ് അർജന്റീനയുടെ തോൽവി. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു കം​ഗാരുപ്പട അർജന്റീനയെ വീഴ്ത്തിയത്. ഓസ്ട്രേലിയക്കായി ലച്ലാൻ വെയിൽസ്, മാർക്കോ ടിലിയോ എന്നിവർ ​ഗോളുകൾ നേടി. അർജന്റീനയുടെ പ്രതിരോധതാരം ഫ്രാൻസിസ്കോ ഓർട്ടേ​ഗ ചുവപ്പുകാർഡ് കണ്ട് പുറത്തായി.