SHARE

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബ്രസീലും. പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയയെ തകർത്താണ് ബ്രസീലിന്റെ കുതിപ്പ്. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം.

കൊറിയയെ അടിമുടി തകർത്തുകളഞ്ഞ ആദ്യ പകുതിയിലാണ് ബ്രസീൽ നാല് ​ഗോളും നേടിയത്. ഏഴാം മിനിറ്റിൽ വിനിഷ്യസാണ് ആദ്യ ​ഗോൾ നേടിയത്. ആറ് മിനിറ്റുകൾക്ക് ശേഷം തകർപ്പനൊരു പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡുയർത്തി. 29-ാം മിനിറ്റിൽ കിടിലൻ ടീം വർക്കിലൂടെ റിച്ചാർലിസൻ ബ്രസീലിന്റെ ലീഡ് മൂന്ന് ​ഗോളാക്കി ഉയർത്തി. ഏഴ് മിനിറ്റിന് ശേഷം ലൂക്കാസ് പക്വേറ്റ, ബ്രസീലിന്റെ വിജയം ഉറപ്പിച്ച ​ഗോളും നേടി.

വിജയമുറപ്പാക്കിയ ശരീരഭാഷയുമായാണ് ബ്രസീൽ രണ്ടാം പകുതി കളിച്ചത്. അതിനാൽ തന്നെ തിടുക്കെപ്പെട്ടുള്ള ആക്രമണ നീക്കങ്ങളൊന്നും അധികമുണ്ടായില്ല. എങ്കിലും ദക്ഷിണകൊറിയൻ ​ഗോളിയുടെ മികച്ച പ്രകടനം ബ്രസീലിന്റെ ചില മികച്ച നീക്കങ്ങൾ നിർവീര്യമാക്കി. മറുവശത്ത് കൊറിയ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങൾക്ക് മുന്നിൽ ബ്രസീലിന്റെ ​ഗോളി അലിസൻ ബക്കറും വന്മതിൽ തീർത്തി. ഇതിനിടെ 76-ാം മിനിറ്റിൽ സുങ് ഹോ പൈക്ക് നേടിയ കി‌ടിലൻ ​ഗോൾ കൊറിയക്ക് ആശ്വസിക്കാൻ വക നൽകി.