SHARE

അണ്ടര്‍ -17 ലോകകപ്പില്‍ ബ്രസീല്‍ സെമിയില്‍. കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ സെമിയിലെത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. ബ്രസീലാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ആദ്യ പകുതിയിലാണ് ബ്രസീല്‍ രണ്ടു ഗോളുകളും നേടിയത്. കളിയുടെ ആറാം മിനിട്ടില്‍ പാട്രിക്കിലൂടെയായിരുന്നു ബ്രസീല്‍ ഇറ്റലിയുടെ വല കുലുക്കിയത്. തിരിച്ചടിക്കാനുള്ള ഇറ്റാലിയന്‍ ശ്രമങ്ങള്‍ ബ്രസീല്‍ പ്രതിരോധ നിര പരാജയപ്പെടുത്തി.

നാല്‍പ്പതാം മിനിട്ടില്‍ വീണ്ടും ബ്രസീല്‍ ആക്രമണം പെഗ്ലോയിലൂടെ ബ്രസീല്‍ ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ വ്യക്തമായ ലീഡുറപ്പിക്കാന്‍ ബ്രസീലിനു കഴിഞ്ഞു. രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്നു. ഇതോടെ ബ്രസീല്‍ 2-0 ത്തിനു സെമി ബര്‍ത്തുറപ്പിച്ചു.

സെമിയിലെത്തുന്ന ബ്രസീലിന് എതിരാളികള്‍ ഫ്രാന്‍സാണ്. സ്‌പെയിനെതിരെ വമ്പന്‍ വിജയം നേടിയാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം.