SHARE

പരിശീലകന്‍ ടിറ്റെയുമായി 2022 ലോകകപ്പ് വരെ കരാര്‍ നീട്ടി ബ്രസില്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ടിറ്റെയ്ക്ക് അടുത്ത ലോകകപ്പ് വരെ അവസരം നല്‍കാന്‍ ബ്രസീല്‍ തീരുമാനിക്കുകയായിരുന്നു. നെയ്മറടക്കമുള്ള താരങ്ങളെല്ലാം ടിറ്റെയെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

ടിറ്റെയുമായും ടീം കോ-ഓര്‍ഡിനേറ്റര്‍ എഡു ഗാസ്പറുമായും 2022 വരെ കരാര്‍ നീട്ടിയതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ 2-1നാണ് പരാജയപ്പെട്ടത്. 2016ല്‍ ദുംഗക്ക് പകരക്കാരനായിട്ടാണ് ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനത്തെത്തുന്നത്.

2014 ലോകകപ്പില്‍ ജര്‍മ്മനിക്കെതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ബ്രസീലിനെ വീണ്ടും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ടിറ്റെ വഹിച്ചത്. അതു കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് അടുത്ത ലോകകപ്പില്‍ കൂടി അവസരം നല്‍കുന്നതെന്ന് സി ബി എഫ് ചീഫ് എക്‌സിക്യൂട്ടീവ് റൊജരിയോ കബോക്ലോ വ്യക്തമാക്കി.