SHARE

കോപ്പാ അമേരിക്ക പോരാട്ടം നാളെ തുടങ്ങും. ഇന്ത്യൻ സമയം നാളെ രാവിലെ ആറിന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ബ്രസീൽ ബൊളീവിയയെ നേരിടും.

2007-ന് ശേഷം ആദ്യ കോപ്പാ കിരീടം ലക്ഷ്യമിട്ടാണ് ബ്രസീൽ ഇറങ്ങുന്നത്. സ്വന്തം നാട്ടിലാണ് മത്സരം എന്നത് ബ്രസീലിന് ഒരേ സമയം ആശങ്കയും ആശ്വാസവുമാണ്. സ്വന്തം കാണികളുടെ പിന്തുണ ബ്രസീലിന് ആവേശമാകുമ്പോൾ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് മത്സരത്തിലെ ദയനീയ തോൽവി ഇപ്പോഴും വേട്ടയാടുന്നത് അവർക്ക് ആശങ്കയാണ്. 1989-ന് ശേഷം ആദ്യമായാണ് കോപ്പയ്ക്ക് ബ്രസീൽ ആതിഥേയത്വം വഹിക്കുന്നത്.

സൂപ്പർ താരം നെയ്മർ ടൂർണമെന്റിനില്ല എന്നത് ബ്രസീലിന് തിരിച്ചടിയാണ്. അതേസമയം ഡാനി ആൽവസിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ പ്രകടനം പരിശീലകൻ ടിറ്റെയ്ക്ക് ആത്മവിശ്വസം കൂട്ടുന്നു. സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോ ഫോമിലേക്ക് തിരിച്ചെത്തിയതും ആരാധകരെ സന്തോഷിപ്പിക്കുന്നു.

1963-ലാണ് ബൊളിവീയ കോപ്പാ ജേതാക്കളായത്. പിന്നീട് 1997-ൽ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. സാവോ പോളോയിലാണ് ബ്രസീലും ബൊളീവിയയും തമ്മിലുള്ള പോരാട്ടം അരങ്ങേറുന്നത്. ഇവർക്ക് പുറമെ പെറു, വെനസ്വേല എന്നിവരാണ് ​ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അർജന്റീന- കൊളംബിയ പോരാട്ടം ഞായറാഴ്ച പുലർച്ചെ മൂന്നരയക്കാണ്.