SHARE

ഈ വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ട നിർണയം പൂർത്തിയായി. ആതിഥേയരായ ബ്രസീലിന് അടുത്ത റൗണ്ട് എളുപ്പമാകുന്ന തരത്തിലാണ് അവരുടെ ഗ്രൂപ്പ്. എ ഗ്രൂപ്പിൽ ബൊളീവിയ, പെറു, വെനെസ്വല എന്നിവരാണ് ബ്രസീലിനൊപ്പമുള്ളത്. വ്യാഴാഴ്ച റിയോ ഡി ജനീറോയിലായിരുന്നു ഗ്രൂപ്പ് നിർണയം. ബ്രസീലിന് മുന്നോട്ടുള്ള വഴി എളുപ്പമായപ്പോൾ, ചിരവൈരികളായ അർജന്റീനയ്ക്ക് താരതമ്യേന അല്പം ബുദ്ധിമുട്ടുള്ള ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്.

ടോപ് സീഡഡ് ടീമുകളാണ് അർജന്റീന കളിക്കുന്ന ഗ്രൂപ്പ് ബി യിലുള്ളത്. കരുത്തരായ കൊളംബിയ, പരാഗ്വേ, അതിഥി രാജ്യമായി കളിക്കാനെത്തുന്ന ഖത്തർ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. സി ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കൊപ്പം, കരുത്തരായ ഉറുഗ്വേ, ഇക്വഡോർ, അതിഥി രാജ്യമായ ജപ്പാൻ എന്നിവർ കളിക്കും. മൂന്ന് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുക.

ഈ വർഷം ജൂൺ 14 ന് സാവോ പോളോയിലെ മൊറുംബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന പോരാട്ടത്തിൽ ബ്രസീൽ, ബൊളീവിയയെ നേരിടും. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താൽക്കാലികമായി വിട്ട് നിൽക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി കോപ്പയിൽ കളിച്ച് ദേശീയ ജേഴ്സിയിൽ തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്.