SHARE

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മുന്നേറ്റ നിര താരങ്ങളിലൊരാളാണ് ബ്രസീലിന്റെ റൊണാൾഡോ നസരിയോ. കളിച്ചു കൊണ്ടിരുന്ന സമയത്ത് എതിർ പ്രതിരോധ നിരകളുടെ മുഴുവൻ പേടി സ്വപ്നമായിരുന്ന റൊണാൾഡോ കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിന്റെ ബാലൺ ഡി ഓർ ഡ്രീം ടീമിൽ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കവെ കരിയറിൽ തനിക്കൊപ്പം കളിക്കുകയും, പരിശീലിക്കുകയും ചെയ്ത ഏറ്റവും മികച്ച താരം ആരെന്ന ചോദ്യം റൊണാൾഡോയ്ക്ക് നേരിടേണ്ടി വന്നു. റയൽ മാഡ്രിഡിൽ ഒപ്പം കളിച്ചിരുന്ന ഫ്രെഞ്ച് ഫുട്ബോൾ ഇതിഹാസമായ സിനദിൻ സിദാനെയായിരുന്നു‌ തനിക്കൊപ്പം കളിക്കുകയും, ഒപ്പം പരിശീലിക്കുകയും ചെയ്ത ഏറ്റവും മികച്ച താരമായി റൊണാൾഡോ തിരഞ്ഞെടുത്തത്.

“സിസുവാണ് (സിനദിൻ സിദാൻ) ഞാൻ ഒപ്പം കളിക്കുകയും, പരിശീലിക്കുകയും ചെയ്തവരിൽ ഏറ്റവും മികച്ചവൻ. ഇപ്പോൾ അദ്ദേഹം പരിശീലകനായി, തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തു. ഇതു കൊണ്ടാണ് ഇന്ന് ഞാൻ എന്നോട് സ്വയം ചോദിക്കുന്നത്, ആരാണ് നല്ലത് ? സിദാൻ എന്ന കളികാരനോ, സിദാൻ എന്ന പരിശീലകനോ? പക്ഷേ എനിക്ക് ഉത്തരം പറയാൻ കഴിയില്ല.” റൊണാൾഡോ പറഞ്ഞു നിർത്തി.