SHARE

ഫ്രെഞ്ച് ടീമായ എ.എസ് മൊണാക്കോയുടെ സ്റ്റാർ മിഡ്ഫീൽഡർ ഫാബീഞ്ഞോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിലെത്തും. വരുന്ന ലോകകപ്പ് അവസാനിച്ചതിന് ശേഷമായിരിക്കും ഇത്. ലിവർപൂൾ ടീം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ താരത്തിന്റെ കരാർതുകയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ഇതേ വരെ പുറത്ത് വന്നിട്ടില്ല.

ബ്രസീലിയൻ താരമായ ഫാബീഞ്ഞോ 2013 ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്നാണ് എ.എസ് മൊണാക്കോയിലെത്തുന്നത്. 2017ൽ അവർക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം ചൂടിയ താരം സമീപകാലത്തായി മികച്ച ഫോമിലുമാണ്. 2013 മുതൽ 2018 വരെ എ.എസ് മോണാക്കോയ്ക്ക് വേണ്ടി കളിച്ച 233 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ നേടിയിട്ടുണ്ട്‌.

-Advertisement-

ഫാബീഞ്ഞോയുടെ കരാർ ഉറപ്പിച്ചെങ്കിലും മെഡിക്കൽ പരിശോധനകൾക്ക് ശേഷം ജൂലൈ ഒന്നാം തീയതി കഴിഞ്ഞാലേ താരത്തിന്‌ലിവർപൂളിലെത്താനാവൂ. ഫാബീഞ്ഞോയെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് മറച്ചുവെച്ചില്ല. ” മികച്ച താരത്തെയാണ് തങ്ങൾ സൈൻ ചെയ്തിരിക്കുന്നത്,ചെറുപ്പമാണെങ്കിലും ഏറെ പരിചയസമ്പത്തുള്ള താരമാണ് ഫാബീഞ്ഞോ. ഫുട്ബോളിന്റെ വലിയ തലങ്ങളിൽ തിളങ്ങാൻ കഴിവുള്ള താരമാണ് അദ്ദേഹം. കളിക്കളത്തിലും, ഡ്രെസ്സിംഗ് റൂമിലും അദ്ദേഹത്തിന്റെ സാന്നിധ്യം ലിവർപൂൾ ടീമിന് വലിയ ഊർജ്ജം പകരും ” ക്ലോപ്പ് പറഞ്ഞു.