SHARE

ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 38-കാരനായ സീനിയർ താരം ഡാനി ആൽവസാണ് ടീമിനെ നയിക്കുന്നത്. സൂപ്പർതാരം നെയ്മർ, ഒളിംപിക്സ് കളിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചെങ്കിലും താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സാണ് ഒരു വർഷത്തേക്ക് നീട്ടിയത്. അണ്ടർ 23 ദേശീയ ടീമുകളാണ് ഒളിംപിക്സിൽ കളിക്കുന്നത്. ഇതിനുപുറമെ പ്രായക്കൂടുതലുള്ള മൂന്ന് താരങ്ങളെക്കൂടി സ്ക്വാഡിൽ ഉൾപ്പെടുത്താം. 18 അം​ഗ സക്വാഡിനെയാണ് പരിശീലകൻ ആന്ദ്രെസ് ജാർഡിൻ പ്രഖ്യാപിച്ചത്. ആൽവസിന് പുറമെ സെവിയ്യ പ്രതിരോധതാരം ഡീ​ഗോ കാർലോസ്, അത്ലെറ്റിക്കോ പരാനയെൻസ് ​ഗോളി സാന്റോസ് എന്നിവരാണ് സ്ക്വാഡിലെ ഓവർഎയ്ജിഡ് താരങ്ങൾ. ബ്രസീലിന്റെ കോപ്പ അമേരിക്ക ടീമിൽ കളിക്കേണ്ടിയിരുന്ന താരമാണ് ആൽവസ്. എന്നാൽ ടൂർണമെന്റിന് തൊട്ടുമുമ്പായി പരുക്കേറ്റതോടെയാണ് ആൽവസ് പുറത്തായത്.

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ ​ഗ്രബിയേൽ, ആസ്റ്റൺ വില്ലയുടെ ഡ​ഗ്ലസ് ലൂയിസ്, റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ്ബർ​ഗിന്റെ മാൽക്കം, ഹെർത്ത ബെർലിന്റെ മത്തേവുസ് കുൻഹ തുടങ്ങിയവരാണ് സ്ക്വാഡിലെ പ്രധാനികൾ.

കഴിഞ്ഞ രണ്ട് ഒളിംപിക്സിലും ബ്രസീലിനായി നെയ്മർ കളിച്ചിരുന്നു. 2016 റിയോ ഒളിംപിക്സിൽ ബ്രസീലിന് ചരിത്രസ്വർണമെഡൽ നേടിക്കൊടുത്തതിൽ പ്രധാനിയും നെയ്മറായിരുന്നു. ടോക്കിയോയിലും കളിക്കാൻ ആ​ഗ്രഹിച്ചിരുന്നെങ്കിലും നെയ്മറിന് സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടന്നാണ് തീരുമാനിച്ചത്. റയൽ മഡ്രിഡ് താരം റോഡ്രി​ഗ്വോ സ്ക്വാഡിലിടം പിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ക്ലബായി റയൽ മഡ്രിഡ് താരത്തെ വിട്ടുകൊടുക്കാത്തതാണ് കാരണം.