SHARE

അതേ, ബ്രസീലും പുറത്തായിരിക്കുന്നു. അട്ടിമറികള്‍ അവസാനിക്കാത്ത റഷ്യന്‍ മണ്ണില്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ പുതിയ ചരിതം തീര്‍ത്തിരിക്കുന്നു. കാസനിലെ പുല്‍മൈതാനത്ത് ബ്രസീലിയന്‍ മോഹങ്ങള്‍ പിഴുതെറിയപ്പെട്ടത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്. സെമിയില്‍ ശക്തരായ ഫ്രാന്‍സിനെതിരേയാണ് ബെല്‍ജിയം ഏറ്റുമുട്ടുക.

ലോകകപ്പില്‍ ഇതുവരെ ബ്രസീലിനെ തോല്പിച്ചിട്ടില്ലെന്ന നാണക്കേട് കൂടി കഴുകി കളഞ്ഞാണ് റൊമേലു ലുക്കാക്കുവും വിന്‍സെന്റെ കെംപാനിയുമെല്ലാം കളംവിട്ടത്. കാനറികളുടെ തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ടീമുകളെല്ലാം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സസ്‌പെന്‍ഷന്‍ മൂലം പുറത്തിരുന്ന കാസ്മീറോയുടെ അഭാവം തുടക്കം മുതല്‍ ബ്രസീലിയന്‍ നിരയില്‍ പ്രകടമായിരുന്നു. നെയ്മര്‍ താളം കണ്ടെത്താതിരുന്നതോടെ ആദ്യ പകുതിയില്‍ ബ്രസീല്‍ തീര്‍ത്തും മങ്ങി.

മറുവശത്ത് ബെല്‍ജിയമാകട്ടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ലാറ്റിനമേരിക്കക്കാരെ ഞെട്ടിക്കുകയും ചെയ്തു. കൃത്യമായ പ്ലാനിംഗോടെയായിരുന്നു ബെല്‍ജിയത്തിന്റെ ഓരോ നീക്കവും. പതിമൂന്നാം മിനിറ്റിലെ ഫെര്‍ണാണ്ടീനോയുടെ സെല്‍ഫ് ഗോള്‍ പോലും ബെല്‍ജിയം എതിര്‍ബോക്‌സില്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമാണ്. ഒരു ഗോളടിച്ച ശേഷം പ്രതിരോധത്തിലേക്ക് വലിയുകയെന്ന തന്ത്രത്തിന് അവധി കൊടുത്തതാണ് 31മത്തെ മിനിറ്റില്‍ ഡിബ്രൂണിലൂടെ ലീഡുയര്‍ത്താന്‍ ബെല്‍ജിയത്തെ സഹായിച്ചത്.

രണ്ടാംപകുതിയില്‍ രണ്ടും കല്പിച്ചിറങ്ങിയ ബ്രസീല്‍ നന്നായി തന്നെയാണ് കളിച്ചത്. അമിതമായി പ്രതിരോധത്തിലേക്ക് വലിയാതെ ബ്രസീലിനെ പൂര്‍ണമായി ആക്രമണത്തിന് അവസരം നല്കാതെ കളിക്കാനും ബെല്‍ജിയത്തിനായി. ബോക്‌സിനു അകത്തേക്ക് കയറി കളിക്കാന്‍ മഞ്ഞപ്പടയ്ക്ക് അവസരം ലഭിച്ചതുമില്ല. രണ്ടാംപകുതിയില്‍ ഏതാണ്ട് പൂര്‍ണമായി തന്നെ പന്ത് കൈവശം വച്ചിട്ടും ഏഴുപത്താറാം മിനിറ്റില്‍ റെനാറ്റോ അഗസ്‌റ്റോയിലൂടെ ഒരു ഗോള്‍ മാത്രം നേടാനേ പേരുകേട്ട ബ്രസീലിയന്‍ നിരയ്ക്കായുള്ളു. നന്ദി പറയേണ്ടത് കോര്‍ട്ടിയസ് എന്ന ഗോളിക്കു കൂടിയാണ്.