SHARE

അർജന്റീനയ്ക്കും സൗദി അറേബ്യക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് ഫിലിപ്പ് ലൂയിസിനെ തിരിച്ചുവിളിച്ചു. പരിക്കേറ്റ സൂപ്പർ താരം മാഴ്സലോയെ ഒഴിവാക്കിയതോടെയാണ് ലൂയിസിന് ടീമിലേക്ക് വീണ്ടും വിളിയെത്തിയത്. അടുത്തയാഴ്ച സൗദി അറേബ്യയിലാണ് മത്സരങ്ങൾ നടക്കുക

കാൽവണ്ണയ്ക്കേറ്റ പരിക്കിനെത്തുടർന്നാണ് റയൽ മഡ്രിഡ് താരമായ മാഴ്സലോയെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കിയത്. റയൽ മഡ്രഡിനായി കഴിഞ്ഞ കുറച്ചു മത്സരങ്ങളിലും മാഴ്സലോ കളിച്ചിരുന്നില്ല. ഇതോടെയാണ് അത്ലെറ്റിക്കോ മഡ്രിഡ് താരമായ ഫിലിപ്പ് ലൂയിസിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചത്. ലോകപ്പിൽ മാഴ്സലോയ്ക്ക് പകരക്കാരനായി രണ്ട് തവണ ലുയിസ് കളിച്ചിരുന്നു. അപ്പോഴൊക്കെ താരം മികച്ച പ്രകടനമാണ് നടത്തിയതെന്ന് പരിശീലകൻ ടിറ്റെ വിലയിരുത്തിയിരുന്നു.

അതേസമയം 33 കാരനായ ലൂയിസ് കരയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ പോലും അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന കോപ്പാ അമേരിക്കയിൽ ലൂയിസ് ടീമിനൊപ്പം ഉണ്ടാകുമെന്ന സൂചനയും പരിശീലകൻ നൽകിയിട്ടുണ്ട്.